Fri. Apr 19th, 2024

ന്യൂഡൽഹി: കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചന കാര്യത്തിൽ നാലാഴ്ചക്കകം തീരുമാനമെടുക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. പേരറിവാളൻ കേസിലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നും കോടതി വ്യക്തമാക്കി. സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

2000 ഒക്റ്റോബർ 21-നാണ് 33 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ വിഷമദ്യക്കേസിനാസ്പദമായ സംഭവം നടക്കുന്നത്. കല്ലുവാതുക്കലിൽ 19 പേരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ 33 പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്.
മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഹയറുന്നിസയുടെ വീട്ടിൽ നിന്നും മദ്യം കഴിച്ചവരും ഇതിലുൾപ്പെടുന്നു. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.
വിഷമദ്യ ദുരന്തക്കേസിലെ പ്രധാന പ്രതിയായ മണിച്ചനെ നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം, അബ്കാരി നിയമം എന്നിവ ചാർജ്ജു ചെയ്ത് ഇയാൾക്ക് പിന്നീട് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിച്ചത്. ഇതെപ്പറ്റി ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സിബി മാത്യൂസിനെ കൊല ചെയ്യാൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെ നാല് വർഷം ശിക്ഷ വിധിച്ചിരുന്നു.

BEST SELLERS