Fri. Mar 29th, 2024

2022 സെപ്റ്റംബർ 24 മുതൽ 29 വരെ സിപിഐ (എം എൽ) റെഡ് സ്റ്റാറിന്റെ 12ാം കോൺഗ്രസ്സ് കോഴിക്കോട് ചേരുകയാണ്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിൽ എറണാകുളം കെ.വി. പത്രോസ് നഗറിൽ (ശിക്ഷക് സദൻ) നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ബി.അംഗങ്ങളായ ആർ. മനസയ്യ,പി.ജെ.ജയിംസ് എന്നിവരും പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി മെയ് 21 ന് കേരള വികസനത്തോടുള്ള ജനപക്ഷ സമീപനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പി.ജെ.ജയിംസ് വിഷയാവതരണം നടത്തും. എം.ശ്രീകുമാർ (MCPI( U ) സംസ്ഥാന സെക്രട്ടറി), കെ.എസ് ഹരിഹരൻ (RMP l), കെ. സഹദേവൻ, സി.എസ് മുരളി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ (എൻഡോ സൾഫാൻ പീഢിതമുന്നണി ), പി.എ. പ്രേം ബാബു തുടങ്ങിയവർ പങ്കെടുക്കും. എം.പി കുഞ്ഞിക്കണാരൻ മോഡറേറ്ററാകും.

സാമ്രാജ്യത്വം നേരിട്ടു കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ലോകത്ത് നവഫാസിസം ശക്തിപ്പെടുകയും അതിന്റെ ഭാഗമായി, കോർപ്പറേറ്- കാവി ശക്തികൾ നിയന്ത്രിക്കുന്ന മോദി സർക്കാർ ഹിന്ദുത്വ (കാവി) ഫാസിസം രാജ്യത്ത് കെട്ടഴിച്ചു വിട്ടിരിക്കുകയുമാണ്. തൊഴിലാളികളും കർഷകരും മതന്യൂനപക്ഷങ്ങളും ദളിത് – ആദിവാസി വിഭാഗങ്ങളും സ്ത്രീകളുമടക്കം മർദ്ദിത ജനതകളും കൊടിയ അടിച്ചമർത്തലുകളും അവകാശ നിഷേധങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത കോർപറേറ്റ് സമ്പത്തു സമാഹരണം മൂലം അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവക്കൊപ്പം പരിസ്ഥിതി വിനാശവും അഭൂതപൂർവമായിരിക്കുന്നു. ഭരണ സംവിധാനങ്ങൾ, ശാസ്ത്ര -ഗവേഷണം, വിദ്യാഭ്യാസം, ചരിത്ര-സാംസ്കാരിക മേഖലകൾ തുടങ്ങിയവയടക്കം സമസ്ത മണ്ഡലങ്ങളും ആർഎസ്എസിന്റെ പിടിയിലായിരിക്കുന്നു.

ഇതടക്കം വർത്തമാന നവഫാസിസത്തെ വസ്തു നിഷ്ഠമായി വിശകലനം ചെയ്യുന്നതോടൊപ്പം, ഇന്ത്യയുടെ തനതു സവിശേഷതയായ ജാതിവ്യവസ്ഥയെ ചരിത്രപരമായി വിലയിരുത്തി പരിപാടി ആവിഷ്കരിക്കുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ അടിസ്ഥാന ദൗർബല്യങ്ങളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് നിലപാടെടുക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം, ഭരണ – പോലീസ് സംവിധാനങ്ങളുടെ സംഘിവൽകരണം ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. അതോടു ചേർന്ന്, കേന്ദ്രത്തിലെ കാവി – കോർപ്പറേറ്റ് ഫാസിസ്റ്റ് മാതൃകയിൽ , നവലിബറൽ – കോർപറേറ്റു വൽകരണത്തിന്റെ ഒരു ഷോകേസ് ആക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പിണറായി ഭരണം ഏർപ്പെട്ടിരിക്കുന്നത്. കേരളത്തിന് അങ്ങേയറ്റം വിനാശകരമായ സിൽവർ ലൈൻ പദ്ധതിയടക്കം നവഉദാരവൽകരണത്തിന്റെ തീവ്ര വലതു ഘട്ടത്തിലേക്കാണ് പിണറായി ഭരണം കേരളത്തെ കൊണ്ടുപോകുന്നത്. വിദേശ ഊഹമൂലധനത്തിന് കാർഷിക, വ്യാവസായിക, സേവന മേഖലകളിലേക്ക് ചുവപ്പു പരവതാനി വിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ’നവകേരള വികസന രേഖ’ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചതും സംസ്ഥാന സർക്കാരിന്റെ നവ ലിബറൽ വികസന സമീപനങ്ങൾക്ക് സി പി ഐ (എം) പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതും തീവ്ര വലതുവൽകരണത്തിന് സി പി എം പൂർണ്ണമായും കീഴ്പ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ, നവലിബറൽ – നവഫാസിസ്റ്റ് കാലത്ത് ലോകവും ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ പ്രത്യയ ശാസ്ത്ര- രാഷ്ട്രീയ വ്യക്തതയോടെ വിശകലനം ചെയ്ത്, ജനാധിപത്യ ശക്തികളുമായി ഐക്യപ്പെട്ട് ഒരു ജനപക്ഷ ബദൽ കെട്ടിപ്പടുക്കുന്നതിനും കേരളത്തിന്റെ കടബാധ്യത പലമടങ്ങ് വർദ്ധിപ്പിക്കുന്നതും പാരിസ്ഥിതിക തകർച്ച രൂക്ഷമാക്കുന്നതും പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ സിൽവർ ലൈൻ പദ്ധതിയടക്കമുള്ള ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തന പരിപാടികൾക്ക് സംസ്ഥാന സമ്മേളനം രൂപം നൽകുമെന്ന് എം.കെ. ദാസൻ വിശദീകരിച്ചു.

BEST SELLERS