Fri. Mar 29th, 2024

എല്‍ ഡി എഫ് 24, യു ഡി എഫ് എട്ട്, എന്‍ ഡി എ ആറ് 

തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച വിജയം. 24 വാര്‍ഡുകളില്‍ ഇടത് മുന്നണി വിജയിച്ചപ്പോള്‍ യു ഡി എഫ് 12 ഇടത്തും ബി ജെ പി ആറിടത്തും വിജയിച്ചു. 2020ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ ഡി എഫിന് 20, യു ഡി എഫിന് 16, ബി ജെ പിക്ക് ആറ് എന്നിങ്ങനെയായിരുന്നു സീറ്റ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നാല് സീറ്റ് കൂടി.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. സിപിഎം സ്ഥാനാര്‍ഥി കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊടുവള്ളി പഞ്ചായത്തും എല്‍ഡിഎഫ് നിലനിര്‍ത്തി. പയ്യന്നൂര്‍ നഗരസഭ ഡിവിഷന്‍ 9 (മുതിയലം) എല്‍ഡിഎഫ് നിലനിര്‍ത്തി.

മാങ്ങാട്ടിടം പഞ്ചായത്ത് നീര്‍വേലി വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 19 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ഷിജു ഒ വിജയിച്ചു. ഏറ്റുമാനൂരില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ബിജെപിയുടെ സുരേഷ് ആര്‍ നായര്‍ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് വിജയം. ഇതോടെ ഭരണം പിടിക്കാമെന്ന ഇടത് മുന്നണിയുടെ പ്രതീക്ഷ ആസ്ഥാനത്തായി.

പത്തനംതിട്ട കോന്നി 18ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. 133 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അര്‍ച്ചനാ ബാലന്‍ ആണ് വിജയിച്ചത്. കുറുമാത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 7 എല്‍ഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 179 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം. സിപിഎം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു.

വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 13 ലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി മല്ലിക സുരേഷ് 27 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇവിടെ ബി ജെ പി വോട്ടില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. സി പി എം കൗണ്‍സിലറുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ഇടുക്കി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ചേബളത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. നാവായിക്കുളം മരുതികുന്ന് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

BEST SELLERS