Thu. Mar 28th, 2024

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ 445 കോടി രൂപ അനുവദിച്ചു സർക്കാർ. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ശമ്പളപ്രതിസന്ധി ചർച്ചയായില്ല. തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഗതാഗത വകുപ്പ് മന്ത്രിയും ധനവകുപ്പ് മന്ത്രിയും കൂടിയാലോചന നടത്തി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു കെഎസ്ആർടിസി തൊഴിലാളികളുടെ പ്രതീക്ഷ. എന്നാൽ വിഷയം ചർച്ചയായില്ല. പകരം കെഎസ്ആർടിസിക്ക് പുതിയ 700 സിഎൻജി ബസുകൾ വാങ്ങാൻ 445 കോടി രൂപ അനുവദിച്ചു. സിഎൻജി കേരളത്തിൽ ബസുകൾ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകൾ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളിസംഘടനകൾ വ്യക്തമാക്കി.

ശമ്പള പ്രതിസന്ധിയിൽ ഭരണാനുകൂല സംഘടനയായ സിഐടിയു വെള്ളിയാഴ്ച മുതൽ സമരം ആരംഭിക്കും. മെയ് പകുതി പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ മാനേജ്‌മെന്റിനായിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ഗതാഗത വകുപ്പ് മന്ത്രിയും ധനവകുപ്പ് മന്ത്രിയും ഇന്ന് കൂടിയാലോചന നടത്തി.

അധിക ധനസഹായം കണ്ടെത്തുന്നതും, വായ്പയ്ക്ക് സർക്കാർ ഈട് നിൽക്കുന്നതുമാണ് സർക്കാർ ആലോചനയിലുള്ളത്. വിദേശത്തുള്ള എം.ഡി. ബിജു പ്രഭാകർ നാളെ തിരികെയെത്തിയശേഷം മാത്രമേ ശമ്പളക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാവൂ.

BEST SELLERS