അഗർത്തല: ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിപ്ലവ് കുമാർ ദേവിന് പകരമാണ് മണിക് സാഹ ഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം അവശേഷിക്കേയാണ് മുഖ്യമന്ത്രിയെ മാറ്റി ബിജെപി സർക്കാർ മുഖംമിനുക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് രാജ്യസഭാ എംപിയുമാണ്. ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നാണ് മണികിനെ തെരഞ്ഞെടുത്തത്. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എംഎൽഎമാർ പിന്തുണയ്ക്കുന്ന കത്തുമായാണ് മണിക് സാഹ ഗവർണറെ കണ്ടത്.
2018ലാണ് 25 വർഷത്തെ ഇടതു ഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ത്രിപുരയിൽ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.