ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. 2004 മുതല്‍ യൂഎ ഇ പ്രസിഡന്റാണ്. അബൂദബി ഭരണാധികാരിയും യു എ ഇ സായുധ സേന മേധാവിയുമാണ്. യു എ ഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് മരണവാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ യു എ ഇ യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായി യു എ ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയില്‍ പറഞ്ഞു.
1971ല്‍ യു എ ഇ സ്ഥാപിതമായത് മുതല്‍ 2004 നവംബര്‍ 2-ന് അന്തരിക്കുന്നത് വരെ യു എ ഇ യുടെ ആദ്യത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്ഗാമിയായായാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ യുഎഇയുടെ പ്രസിഡന്റായത്. 1948-ല്‍ ശൈഖ് സായിദിന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു.
യുഎഇയുടെ പ്രസിഡന്റായതിനുശേഷം രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശെെഖ് ഖലീഫയുടെ ഭരണത്തിന് കീഴില്‍ ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പിതാവ് ഷെയ്ഖ് സായിദ് സ്ഥാപിച്ച പാതയില്‍ തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്റെയും ലക്ഷ്യം.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് വിജയകരമായി സംഭാവന നല്കിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്കി. നോര്‍ത്തേണ്‍ എമിറേറ്റ്സിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി അദ്ദേഹം യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങള്‍ നടത്തി. ഈ സമയത്ത് പാര്‍പ്പിടം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്കി.
കൂടാതെ, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള ഒരു സംരംഭം അദ്ദേഹം ആരംഭിച്ചു, ഇത് യുഎഇയില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു. യുഎഇയിലും അറബ് മേഖലയിലും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.