ന്യൂഡല്‍ഹി: താജ് മഹലിന്റെ ബേസ്മെന്റില്‍ നിര്‍മ്മിച്ച 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി ഹരജിക്കാരനെ ശക്തമായി ശാസിച്ചു. ഹര്ജിക്കാരന് പൊതുതാല്പര്യ ഹര്‍ജികള്‍ ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് ഡികെ ഉപാധ്യായ പറഞ്ഞു.
താജ്മഹലിലെ 22 മുറികളില്‍ 20 എണ്ണം തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിംഗ് ആണ് മെയ് 7 ന് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അടച്ചിട്ടിരിക്കുന്ന ഈ മുറികള്‍ തുറന്ന് അതിന്റെ രഹസ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഹരജി ആദ്യം പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി പിന്നീട് വാദം കേള്‍ക്കാന്‍ തയ്യാറാകുകയായിരുന്നു.