Thu. Apr 25th, 2024

കൊച്ചി: പ്രമുഖ പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. കൊച്ചി കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. പ്രസ് അക്കാദമി ചെയര്‍മാനും യു എന്‍ ഐയുടെ വിദേശകാര്യ ലേഖകനുമായിരുന്നു. മാധ്യമ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

കേരളത്തിലും ഇന്ത്യക്കകത്ത് മറ്റിടങ്ങളിലും ഇന്ത്യക്ക് പുറത്തുമായി അരനൂറ്റാണ്ടുകാലം മാധ്യമ പ്രവര്‍ത്തനം നടത്തിയ വി പി ആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ പാര്‍ലിമെന്റ് റിപ്പോര്‍ട്ടിങ്, വിദേശ റിപ്പോര്‍ട്ടിംഗ്, അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് എന്നിവയില്‍ തനതായ പാത തുറന്ന വ്യക്തിയാണ്.
മാതൃഭൂമി പത്രാധിപരാകുന്നതിന് മുമ്പ് അസോസിയേറ്റഡ് പ്രസ് (എ പി) പൂനെ ഓഫീസിലും തുടര്‍ന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) എന്നിവയിലും പ്രവര്‍ത്തിച്ചു. പി.ടി.ഐയുടെ പാക്കിസ്ഥാന്‍ ലേഖകനായി ലാഹോറിലും റാവല്‍പിണ്ടിയിലും പ്രവര്‍ത്തിച്ചു. ഇക്കാലത്ത് പ്രസിഡന്റ് അയൂബ് ഖാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് പാക്കിസ്ഥാനു പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്തത് രാമചന്ദ്രനായിരുന്നു.

1924ല്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ 1964 ല്‍ യു എന്‍ ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയി. യു എന്‍ ഐ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനം വരെ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി ടി ഐയും യു.എന്‍.ഐയും ചേര്‍ത്തുണ്ടാക്കിയ സമാചാര്‍ ഭാരതി എന്ന വാര്‍ത്താ ഏജന്‍സിയുടെ റാഞ്ചി ലേഖകനായി. ഇന്ദിരാ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ നിലപാടെടുത്തതു കൊണ്ടാണ് റാഞ്ചിയിലേക്ക് മാറ്റപ്പെട്ടത്.
ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനെ ഇന്റര്‍വ്യൂ ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വി പി ആര്‍. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം 1962ലെ ഇന്ത്യ-ചൈന യുദ്ധം അസമിലെ തേസ്പൂരില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയോഗവും വി പി ആറിന് ലഭിച്ചു.

BEST SELLERS