Fri. Mar 29th, 2024

പ്രതിപക്ഷ നേതാവിന് റെഡ് ക്രോസിന്റെ ചിഹ്നം കണ്ടാല്‍പ്പോലും ഹാലിളകുന്ന അവസ്ഥയാണെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയുടെ ചിഹ്നം കണ്ടാല്‍പ്പോലും അത് വേറെ രീതിയില്‍ ചിന്തിക്കുകയാണ്. മതചിഹ്നം ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും രാജീവ് പറഞ്ഞു.

കുരിശും ആശുപത്രിയുടെ ചിഹ്നവും പ്രതിപക്ഷ നേതാവിന് പരസ്പരം മനസിലാകുന്നില്ല. തര്‍ക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമം. വൈദികര്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ രൂപത്തില്‍ സംസാരിക്കുന്നതെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോഴേക്കും അത്രയും വെറുപ്പ് അദ്ദേഹത്തിന് തോന്നേണ്ട കാര്യമെന്താണ്.
തെരഞ്ഞെടുപ്പിലേക്ക് മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള ഇത്തരം ശ്രമങ്ങള്‍ നമ്മുടെ നാട് തിരിച്ചറിഞ്ഞ് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് യുഡിഎഫ് പഴയ പ്രചരണങ്ങളില്‍നിന്ന് പിന്നോട്ടുപോയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വെപ്രാളത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാദങ്ങളാണ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത്.

എല്‍ഡിഎഫ് തൃക്കാക്കരയില്‍ വികസനരാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള യുഡിഎഫ് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസിനകത്ത് തന്റെ വാക്ക് അവസാന വാക്ക് എന്ന് വരുത്തിത്തീര്‍ക്കാനാണ് വി ഡി സതീശന്റെ ശ്രമം. ഉമ്മന്‍ചാണ്ടിയും ഡൊമിനിക് പ്രസന്റേഷനും അടക്കമുള്ള നേതാക്കള്‍ അപ്രസക്തരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്ദേശം. അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.
മെട്രോ കാക്കനാടേക്ക് നീട്ടുന്നതിന് അനുമതി നല്‍കാത്ത ബിജെപിക്കെതിരെ അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. രാഷ്ട്രീയം പറയാനില്ലാത്ത അവസ്ഥയാണ് യുഡിഎഫിന്. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. അവരുടെ നിലപാടുകള്‍ തുറന്നുകാണിച്ചുകൊണ്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്ന് രാജീവ് പറഞ്ഞു.

BEST SELLERS