Thu. Apr 18th, 2024

തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയാകും. ഇടതുമുന്നണി കൺവീനർ ഇപി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നഗരത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആണ് കൊച്ചി വാഴക്കാല സ്വദേശി ഡോ. ജോ ജോസഫ്. സി പി എം പോളിറ്റ്ബ്യൂറോയുടേയും എല്‍ ഡി എഫിലെ കക്ഷികളുടേയും അനുമതിക്ക് ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫ് സാമൂഹിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പ്രളയ, കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരണങ്ങളും നേടിയിട്ടുണ്ട്. എറണാകുളം ലിസി ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ജോ ജോസഫ് മത്സരിക്കും. പാര്‍ട്ടി പലപ്പോഴും ഇത്തരം പൊതുസമ്മതരെ രംഗത്തിറക്കിയിട്ടുണ്ടെന്നും വലിയ ഭൂരിഭക്ഷത്തില്‍ അദ്ദേഹം വിജയിപ്പിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 12ന് വൈകുന്നേരം നാലിന് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നേരത്തെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി. അഡ്വ. കെ എസ് അരുണ്‍കുമാറിന്റെ പേര് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് തെറ്റിദ്ധരിച്ചാണ് പ്രാദേശിക അടിസ്ഥാനത്തില്‍ ചില ചുവരെഴുത്തുകളുണ്ടായതെന്നും ഇ പി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയാണ് പ്രധാന പരിഗണനയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 1957 മുതല്‍ പൊതുസ്വതന്ത്രരെ പാര്‍ട്ടി പരിഗണിക്കാറുണ്ട്. ഇത്തരം പൊതുസ്വതന്ത്രര്‍ പാര്‍ട്ടിയോട് ചേര്‍ന്ന് നിന്ന് ഇപ്പോള്‍ പൊതുപ്രവര്‍ത്തനത്തിന് തയ്യാറാകുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. സ്ഥാനാര്‍ഥിയായി ജോ ജോസഫിന്റെ ഒറ്റ പേര് മാത്രമാണ് പാര്‍ട്ടി പരിഗണിച്ചത്. മാധ്യമങ്ങള്‍ നിരുത്തരവാദപരമായി വാര്‍ത്തകള്‍ നല്‍കുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു.

BEST SELLERS