Wed. Apr 24th, 2024

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അഥവ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍( തടയല്‍ ) നിയമം ചുമത്താന്‍ പോലീസ് ശിപാര്‍ശ. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ആണ് ഡി ഐ ജിക്ക് ശിപാര്‍ശ നല്‍കിയത്. സ്ഥിരം കുറ്റവാളിയാണ് ആയങ്കി എന്ന കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. കാപ്പ ചുമത്തിയാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല.

വിമാനത്താവളങ്ങള്‍ വഴി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന ക്വട്ടേഷനായിരുന്നു അര്‍ജുന്‍ ആയങ്കിയും കൂട്ടരും നടത്തിയിരുന്നത്. സ്വര്‍ണം കടത്തുന്ന വിവരം അറിയാന്‍ ഗള്‍ഫിലും നാട്ടിലും ഇയാള്‍ക്ക് വലിയ ശൃംഖല ഉണ്ടായിരുന്നു. ടി പി വധക്കേസ് പ്രതികളുടെ നിര്‍ദേശവും സഹായവുമെല്ലാം ഇക്കാര്യത്തില്‍ അര്‍ജുന്‍ ആയങ്കിക്കുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മരണം സംഭവിച്ച കേസാണ് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിലേക്ക് നയിച്ചത്. നേരത്തേ പ്രാദേശിക സി പി എം നേതാവായിരുന്ന ആയങ്കിയെ പാര്‍ട്ടിയില്‍ പുറത്താക്കിയിരുന്നു. പുറത്തായെങ്കിലും സൈബര്‍ രംഗത്ത് സി പി എമ്മിനെ വേണ്ടി നിലകൊള്ളുന്നയാളായിരുന്നു. അതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ക്ക് വലിയ ആരാധകവൃന്ദങ്ങളാണുള്ളത്. ഈയടുത്ത് ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍ക്കെതിരെ ഇയാള്‍ രംഗത്തെത്തിയിരുന്നു.

BEST SELLERS