Thu. Mar 28th, 2024

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി സംഘത്തെ നിയോഗിക്കുമെന്നും രേഖ ശര്‍മ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഡബ്ല്യുസിസി നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മന്ത്രി പി രാജീവിനെ തള്ളിയ രേഖ ശര്‍മ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനമില്ല. മൂന്ന് മാസത്തിനകം തന്നെ റിപ്പോര്‍ട്ട് പുറത്തുവിടണമായിരുന്നു. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.

അതിനിടെ നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് ഡബ്ല്യുസിസി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ മന്ത്രിയെ തള്ളി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

BEST SELLERS