തിരുവനന്തപുരം: മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ പിന്തുണച്ച് രമേശ് ചെന്നിത്തല. പോലീസ് നടപടയില്‍ തെറ്റില്ല. വിദ്വേഷ പരാമര്‍ശം പി സി ജോര്‍ജില്‍ നിന്നുണ്ടായെങ്കില്‍ 153 എ തന്നെയെ പൊലീസിന് ചുമത്താന്‍ സാധിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജാമ്യമില്ലാ വകുപ്പാണ്. പി സി ജോര്‍ജ് തെറ്റ് ചെയ്തെങ്കില്‍ നിയമനടപടി നേരിടുക തന്നെ വേണമെന്ന് രമേശ് ചെന്നിത്തല ഒരു മാധ്യമത്തോട് വ്യക്തമാക്കി.
നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ പി സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പി സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയായിരുന്നു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയത് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.