Fri. Apr 19th, 2024

നന്ദാവനം എ ആര്‍ ക്യാമ്പിന് മുന്നില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ പെരുമാറിയത് ആര്‍ എസ് എസ് ക്രിമിനലിനെ പോലെയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. കേന്ദ്രമന്ത്രിയുടെ പക്വത ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന നിലവാരമെങ്കിലും പുലര്‍ത്തേണ്ടതായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും പ്രശ്നം പാർലിമെന്റിൽ ഉന്നയിക്കുമെന്നും എ എ റഹിം എം പി പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദം സൃഷ്ടിക്കുകയും ചെയ്ത വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇക്കാര്യം പാർലിമെന്റിൽ ഉന്നയിക്കും. മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗീയ വിദ്വേഷ പ്രചാരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എ എ റഹിം പറഞ്ഞു.

BEST SELLERS