ആലപ്പുഴ: മുന്‍മന്ത്രിയും മുിതര്‍ന്ന നേതാവുമായ ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എ.വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജി.സുധാകരന് പ്രവർത്തിക്കാനുള്ള ഘടകം പാർട്ടി നിശ്ചയിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന ബ്രാഞ്ചിലാകും ഇനി ജി സുധാകരന് പ്രവര്‍ത്തിക്കുക. ഇക്കാര്യം സുധാകരന് തന്നെ കത്തിലൂടെ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
75 വയസ് പ്രായം കഴിഞ്ഞ് ഒഴിവാക്കപ്പെട്ട നേതാക്കളെ ജില്ലാ കേന്ദ്രങ്ങളിലെ ബ്രാഞ്ചില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. ഇതുപ്രകാരം മുതിര്‍ന്ന നേതാവ് ജി സുധാകരന് ജില്ലാ കമ്മിറ്റിയിലെ പ്രത്യേകം ക്ഷണിതാവാകുമെന്ന് ജില്ലാ സെക്രട്ടറി ആര് നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പരിപാടികളിലൊക്കെ സുധാകരന് സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സ്കൂൾ കോഴ ആരോപണത്തിൽ തരം താഴ്ത്തിയ കെ.രാഘവനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. ജി.സുധാകരൻ്റെ വിശ്വസ്തനായ നേതാവാണ് കെ.രാഘവൻ. പഴയ ജില്ലാ സെക്രട്ടേറിയറ്റിലുള്ളവരെല്ലാം പുതിയ കമ്മിറ്റിയിലും നിലനിർത്തിയിട്ടുണ്ട്. നിലവിലുള്ളവരെ കൂടാതെ എച്ച്.സലാം എംഎൽഎ, ജി.രാജമ്മ എന്നിവരേയും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.