ലൗ ജിഹാദ് പരാമര്‍ശത്തില്‍ തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി നടപടി. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലൗ ജിഹാദ് ശരിയെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത് .കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.
ലൗ ജിഹാദ് പ്രസ്താവന വിവാദമായപ്പോള്‍ തന്നെ തെറ്റ് ഏറ്റു പറഞ്ഞതിനാലാണ് പരസ്യ ശാസനയില്‍ നടപടി ഒതുക്കിയത്. ജോര്‍ജ് എം തോമസ് ഇന്നത്തെ യോഗത്തിലും തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പരസ്യശാസന നല്കി വിഷയം അവസാനിപ്പിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. പാര്‍ട്ടിയുടെ പരസ്യശാസന അംഗീകരിക്കുന്നതായി ജോര്‍ജ് എം തോമസും വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടുള്ള അഭിപ്രായമാണ് സഖാവ് ജോര്‍ജ് എം തോമസ് നടത്തിയത്. പാര്‍ട്ടിയുടെ മതേതര നിലപാടിന് വിരുദ്ധമാണിത്. ഇക്കാര്യത്തില്‍ സഖാവ് ജോര്‍ജ് എം തോമസ് തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി അംഗീകരിക്കാത്ത നിലപാടാണ്. ഇക്കാര്യത്തില്‍ സഖാവിനെ വിശ്വാസത്തിലെടുത്ത് പരസ്യശാസന നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം – യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍ പറഞ്ഞു.