Fri. Apr 19th, 2024

കോടഞ്ചേരിയില്‍ മിശ്രവിവാഹം നടത്തിയ ജോയ്‌സനയെ കാണാനില്ലെന്നു കാണിച്ച് പിതാവ് ജോസഫ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോടതിയില്‍ ഹാജരായ ജോയ്‌സനയെ അവരുടെ ഭാഗംകേട്ട ഹൈക്കോടതി ഭര്‍ത്താവ് ഷിജിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. പിതാവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജോയ്‌സന കോടതിയില്‍ വ്യക്തമാക്കി. ഇതുകേട്ട ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹരജി തള്ളുന്നതായി അറിയിച്ചു.

ജോയ്‌സന അന്യായ തടങ്കലില്ലെന്നും സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള പ്രായപൂര്‍ത്തിയായ യുവതിയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. ഭര്‍ത്താവും ഡി വൈ എഫ് ഐ പ്രാദേശിക നേതാവുമായ ഷിജനും അഭിഭാഷകക്കും ഒപ്പമായിരുന്നു ജോയ്‌സ്‌ന കോടതിയിലെത്തിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലുണ്ടായിരുന്നു.

ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് വീടുവിട്ടിറങ്ങിയതെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങളോടെല്ലാം പിന്നീട് സംസാരിക്കുമെന്ന് ജോയ്‌സന പറഞ്ഞു. മരണംവരെ തന്റെ സമുദായത്തിന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കും. മതംമാറാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ജോയ്‌സന പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വര്‍ഗീയ സംഘടനകള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ഷിജിന്‍ പറഞ്ഞു.

BEST SELLERS