Thu. Apr 25th, 2024

പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാക്കറെ. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. ആസൂത്രിത കൊലപാതകങ്ങള്‍ തടയുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. അവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും എഡിജിപി അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു കേസുകളും അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടെ പിടികൂടുമെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകങ്ങളെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍് ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിനായി തമിഴ്‌നാട് പൊലീസിനെയും മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മൂന്ന് ബൈക്കിലായെത്തിയ ആറംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും.

വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.

BEST SELLERS