Sun. Apr 14th, 2024

✍️ റെൻസൺ വി എം

ബൈബിൾ പ്രവചനങ്ങൾ പ്രത്യേകിച്ചു മിശിഹായെ സംബന്ധിച്ചവ ക്രിസ്തുമത ദൈവശാസ്ത്രത്തിലെ സുപ്രധാന ഏടുകളാണ്. “അവൻ അവരോട് പറഞ്ഞു: ‘ഭോഷരേ! പ്രവാചകർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാൻ മടിക്കുന്നവരേ! ക്രിസ്തു ഇവയെല്ലാം സഹിച്ചു തന്റെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നില്ലേ? “മോശെ മുതൽ സർവ്വ പ്രവാചകരും തന്നെപ്പറ്റി വിശുദ്ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുള്ളതെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു” എന്ന ലൂക്കാ 24:25-27 വചനം ആധാരമാക്കി തന്നെക്കുറിച്ചുള്ള ദീർഘദർശനങ്ങൾ നിവൃത്തിയായതായി സ്വയം സാക്ഷ്യപ്പെടുത്തിയതുകൊണ്ടു യേശുവിന്റെ മിശിഹാത്വം സംബന്ധിച്ചു മറ്റൊരു തെളിവും ആവശ്യമില്ലെന്നു ക്രസ്തുമതവിശ്വാസികൾ പലരും സൂചിപ്പിക്കാറുണ്ട്. കൂടാതെ, ബൈബിളിന്റെ പ്രമാണികതയ്ക്കും ക്രിസ്തുമതത്തിന്റെ ആധികാരികതയ്ക്കുമുളള തെളിവായി പ്രവചനങ്ങളുടെ പൂർത്തീകരണത്തെ ക്രിസ്തുമത പണ്ഡിതർ ചൂണ്ടിക്കാട്ടുകയും ചെയ്യും. എന്നാൽ, ബൈബിളിലേതു യഥാർത്ഥത്തിൽ ദീർഘദർശനങ്ങൾ ആയിരുന്നില്ലെങ്കിലോ, ‘മിശിഹാ പ്രവചനങ്ങളുടെ’ പൂർത്തീകരണം സംഭവിച്ചിട്ടില്ലെങ്കിലോ അതു ക്രിസ്തുമതത്തിന്റെ ആന്തരികസത്തക്ക് എതിരായ പ്രബലമായൊരു തെളിവാകും. പ്രവാചകനാരാണെന്നതിനു ഹീബ്രു വിശുദ്ധലിഖിതങ്ങളിൽത്തന്നെ മാനദണ്ഡം കാണാം. ആവർത്തന പുസ്തകം 18: 22 പറയുന്നു “ഒരു പ്രവാചകൻ കർത്താവിന്റെ നാമത്തിൽ സംസാരിച്ചിട്ട് ആ വചനം യാഥാർത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താൽ, ആ വചനം കർത്താവ് അരുൾചെയ്തിട്ടുള്ളതല്ല. പ്രവാചകനതു തോന്നിയവാസമായി പറഞ്ഞതാണ്; നീ അയാളെ ഭയപ്പെടേണ്ടതില്ല.” ഈ വാക്യത്തിനു മുന്നേ ആവർത്തന പുസ്തകം 18:20 പറയുന്നു “എന്റെ നാമത്തിൽ സംസാരിക്കാൻ ഞാൻ ആജ്ഞാപിച്ചിട്ടില്ലാത്ത ഒരു വാക്കെങ്കിലും സംസാരിക്കാൻ മുതിരുകയോ മറ്റു ദേവന്മാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകർ മരിക്കും.” മാത്രവുമല്ല, കപടപ്രവാചകന്മാർ പറയുന്നതും പൂർത്തീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അവരെ വധിക്കണമെന്നും; യഥാർത്ഥ പ്രവാചകനാണെങ്കിൽ യഹോവയിൽ നിന്ന് ഒരിക്കലും ജനത്തെ വഴിതെറ്റിക്കില്ലെന്നും ആവർത്തനം 13:1-5 പറയുന്നുമുണ്ട്. മതത്തിൽ നിന്നു വിശ്വാസികളെ വഴിതെറ്റിച്ചതായി കരുതിയിരുന്നതുകൊണ്ടു പൊതുവേ, യഹൂദർ യേശുവിനെ വ്യാജപ്രവാചകനായാണു കണ്ടിരുന്നത്. മൂന്നാമത്തെ ദേവാവലയം പണിയുക (യെഹെസ്കേൽ 37:26-28); എല്ലാ യഹൂദന്മാരെയും ഇസ്രായേൽ ദേശത്തേക്കു തിരികെയെത്തിക്കുക (യെശയ്യാവ് 43:5-6); ലോകസമാധാനത്തിന്റെ ഒരു യുഗം ആരംഭിക്കുക, എല്ലാ വിദ്വേഷവും അടിച്ചമർത്തലും കഷ്ടപ്പാടുകളും രോഗങ്ങളും അവസാനിപ്പിക്കുക (യെശയ്യാവു 2:4); മനുഷ്യരാശിയെ ഒന്നായി ഒന്നിപ്പിക്കുംവിധം ഇസ്രായേലിന്റെ ദൈവത്തെക്കുറിച്ചുള്ള സാർവ്വത്രികയറിവു പ്രചരിപ്പിക്കുക (സഖറിയാ 14:9) തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കാതിരുന്നതിനാൽ യഹൂദമതം യേശുവിനെ മിശിഹായായും കണ്ടിരുന്നില്ല. യേശുവിന്റെ രക്ഷാകരദൗത്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ ക്രൈസ്തവരെ മാത്രമല്ല, ലോകത്തിന്റെ ഭൗമരാഷ്ട്രീയത്തെ വരെ നിർണ്ണായകമായി സ്വാധീനിക്കുന്നു എന്നു മിഡിൽ ഈസ്റ്റിലെ ഇസ്രയേൽ-പാലസ്തീൻ സംഘർഷമടക്കമുള്ള പ്രശ്നങ്ങൾ തെളിയിക്കുന്നു. ആയതിനാൽ, യേശുവിനെ സംബന്ധിച്ച ഭാവിദർശനങ്ങൾ ശരിയായവയാണോ, അവ നിവൃത്തിയായവയാണോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കേണ്ടതു ലോകസമാധാനത്തിനു തന്നെ നിർണ്ണായകമാണ്. ഈ പരിശോധന യേശുവിന് ഇന്ന് അനുവദിച്ചു നല്കിയിട്ടുള്ള മഹത്വത്തിന്റെ അർഹത സംബന്ധിച്ചു നമ്മെ ബോധ്യപ്പെടുത്തും.

മിശിഹായുടെ ജനനം സംബന്ധിച്ച പ്രവചനങ്ങൾ:- യേശുവിന്റെ പിറവിയെക്കുറിച്ചു നിരവധി ദീർഘദർശനങ്ങൾ ബൈബിൾ നല്കുന്നുണ്ടെന്ന അവകാശവാദം പൊതുവേ ഉയർത്താറുണ്ട്. യേശുവിന്റെ ജനനസ്ഥലം, ജനനസമയം, ജനനരീതി, ജനനസമയത്തെ പ്രത്യേക സംഭവങ്ങൾ, വംശാവലി മുതലായവയെല്ലാം പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നു സുവിശേഷപ്രസംഗകർ അവകാശപ്പെടും. കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന ഭാവിദർശനം വളരെ പ്രശസ്തമാണ്. മത്തായിയുടെ സുവിശേഷവും (1: 18-25) ലൂക്കായുടെ സുവിശേഷവും (1:26-35) യേശു കന്യകയിൽ നിന്നു പിറവിയെടുത്തതായി അവകാശപ്പെടുന്നു. ഏശയ്യാ ദീർഘദർശി പ്രവചിച്ചതനുസരിച്ചാണ് (7: 14) ഇങ്ങനെ സംഭവിച്ചതെന്നും മത്തായി (1: 23) വ്യക്തമാക്കുന്നുണ്ട്. ഏശയ്യാ 7:14 പറയുന്നു “അതുകൊണ്ടു കർത്താവുതന്നെ നിങ്ങൾക്ക് ഒരടയാളം നല്കും. കണ്ടാലും, ഒരു കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേൽ എന്നു പേർ വിളിക്കും.” യുവതിയായ സ്ത്രീ എന്നർത്ഥം വരുന്ന ‘അൽമ (almah)’ എന്ന ഹീബ്രു പദമാണു ‘കന്യക’ എന്നയർത്ഥത്തിൽ ‘പാർത്ഥെനോസ് (parthenos)’ എന്ന ഗ്രീക്കു വാക്കായി തെറ്റായി വിവർത്തനം ചെയ്തത്. കന്യക എന്നർത്ഥം വരുന്ന ഹീബ്രുപദം ‘ബേതുല’ (bethulah) എന്നതാണ്. ഏശയ്യായുടെ പുസ്തകത്തിൽ ഈ പദം കന്യക എന്നയർത്ഥത്തിൽ 4 പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതുകൊണ്ടു ഗ്രന്ഥകാരന് ഈ പദം സുപരിചിതമാണെന്നുറപ്പിക്കാം. (23:12, 37:22, 47:1, 62:5). കൂടാതെ, ഉത്പത്തി 24:43, പുറപ്പാട് 2:8, സങ്കീർത്തനങ്ങൾ 68:25, സുഭാഷിതങ്ങൾ 30:19, ഉത്തമഗീതം 1:3, 6:8 തുടങ്ങിയ ബൈബിൾ ഭാഗങ്ങളിലെല്ലാം അൽമ എന്നപദം പെൺകുട്ടിയെന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഏശയ്യായുടെ പുസ്തകത്തിൽ പറഞ്ഞതുപോലെ പുതിയനിയമപുസ്തകങ്ങളിൽ ഒരിടത്തും യേശുവിനെ ‘ഇമ്മാനുവേൽ’ എന്നു സംബോധന ചെയ്യുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രശ്നം മറികടക്കാൻ ‘ഇമ്മാനുവൽ’ എന്നതുകൊണ്ടു യേശുവിന്റെ മറ്റൊരു പേരല്ല ഉദ്ദേശിക്കുന്നത് എന്നും; പകരം, ‘നമ്മോടൊപ്പമുള്ള ദൈവം’ എന്ന നിലയിൽ യേശുവിന്റെ രക്ഷാകരദൗത്യത്തെയാണതു സൂചിപ്പിക്കുന്നത് എന്നൊക്കെ വിശ്വാസികൾ ന്യായവാദം ചമക്കാറുണ്ട് (1).ഇതിലെല്ലാമുപരിയായ പ്രശ്നം, പഴയനിയമത്തിലെ സന്ദർഭത്തിൽനിന്നു പൂർണ്ണമായി അടർത്തിമാറ്റി സുവിശേഷകർ ഏശയ്യായുടെ പുസ്തകത്തിലെ പ്രസ്തുത ഭാഗം ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. സിറിയയിലെ രാജാവായ റേസീനും ഇസ്രയേൽ രാജാവായ റെമല്യായുടെ പുത്രൻ പെഖഹും ചേർന്നു യഹൂദാ രാജാവായ ആഹാസിനെതിരെ യുദ്ധത്തിനു വന്നപ്പോൾ ആഹാസ് പരാജയപ്പെടില്ല എന്നതിനുള്ള അടയാളമായാണു കുട്ടി ജനിക്കുമെന്ന പ്രവചനമുണ്ടായതെന്നു ഏഴാമദ്ധ്യായം വായിച്ചാൽ മനസ്സിലാകും. ഇതിനു യഥാർത്ഥത്തിൽ മിശിഹായുമായി യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, ദീർഘദർശനനിവൃത്തിയായി പ്രവാചകി ഗർഭംധരിച്ചു ‘മഹേർശാലാൽ ഹാശ്ബസ്’എന്നു പേരായ ഒരു പുത്രനെ പ്രസവിച്ചതായും ഏശയ്യാ 8:3 പറയുന്നുണ്ട്.

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള മറ്റൊരു പ്രവചനമായി സുവിശേഷങ്ങൾ അവകാശപ്പെടുന്നത് അദ്ദേഹം ബത്ലഹേമിൽ പിറവിയെടുക്കുമെന്നതാണ് (മത്തായി 2:1-6, ലൂക്കാ 2:47, യോഹന്നാൻ 7:42). “അല്ലയോ, ബത്ലഹേം എഫ്രാത്താ, നീ യഹൂദാ വംശങ്ങളിൽ ഏറ്റംചെറുതെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നു പുറപ്പെടും; അവൻ പണ്ടേ പുരാതന ദിനങ്ങളിൽ തന്നെ, ഉത്ഭവിച്ചവൻ” എന്ന മീഖാ പ്രവാചകവചനത്തിന്റെ (5:2) പൂർത്തീകരണമായാണു മത്തായിയും യോഹന്നാനുമിതിനെ കാണുന്നത്. ഉത്പത്തി 35:19, റൂത്ത് 4:11 എന്നീ ബൈബിൾ ഭാഗങ്ങളനുസ്സരിച്ചു എഫ്രാത്ത എന്നതു ബത്ലഹേമിന്റെ പുരാതനനാമമാണ്. പക്ഷേ, 1 ദിനവൃത്താന്തം 4:4, 2: 50-51 ഭാഗങ്ങളനുസരിച്ചു എഫ്രാത്ത എന്നതു ബത്ലഹേം എന്നവ്യക്തിയുടെ പിതാവിന്റെ പേരാണ്. അതുകൊണ്ട്, ഈ ദീർഘദർശനം ബത്ലഹേമെന്ന സ്ഥലത്തെയോ വ്യക്തിയെയോ സംബന്ധിച്ചാകാം. ബത്ലഹേം, എഫ്രാത്താ എന്നീ വ്യക്തികളെക്കുറിച്ചു യേശുവിന്റെ വംശാവലി വിവരണങ്ങളിലൊന്നും പരാമർശമില്ല. ദാവീദിന്റെ ജനനസ്ഥലമാണു ബത്ലഹേം. മിശിഹാ ദാവീദിന്റെ വംശത്തിൽ പിറക്കുമെന്നാണു വിശ്വാസം. യേശു ബത്ലഹേമിൽ പിറക്കുമെന്ന ഭാവിദർശനമിവിടെ ശരിയാകുമെങ്കിലും ‘ഇസ്രയേലിന്റെ ഭരണാധിപനാകും’ എന്ന ദീർഘദർശനമപ്പോൾ തെറ്റും. പൊതുവേ, ക്രിസ്തുമതവിശ്വാസികൾ അതുകൊണ്ട് ഈ പ്രവചനം ക്രിസ്തുവിന്റെ രണ്ടാം വരവു സംബന്ധിച്ചാണെന്നാണ് അവകാശപ്പെടുന്നത്.

മിശിഹായുടെ വംശാവലി സംബന്ധിച്ചു നിരവധി പ്രവചനങ്ങൾ ഉണ്ടെന്ന് ക്രൈസ്തവർ അവകാശവാദം ഉന്നയിക്കാറുണ്ട്. രക്ഷകൻ അബ്രഹാമിന്റെ വംശാവലിയിൽ ജന്മമെടുക്കുമെന്ന ഭാവിദർശനത്തിനു തെളിവായി ഉത്പത്തി 22:18, 12:2-3 ഭാഗങ്ങൾ ചൃണ്ടിക്കാണിക്കാറുണ്ട്. ഉത്പത്തി 22:18 സൂചിപ്പിക്കുന്നു “നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും” എന്ന്. ഉത്പത്തി 12:2-3 “നിന്നെ ഞാൻ വലിയ ഒരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്റെ നാമം മഹനീയമാക്കയും ചെയ്യും. അങ്ങനെ നീയൊരു അനുഗ്രഹമായിത്തീരും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നീ നിമിത്തം ഭൂമിയിലെ എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറയുന്നു. ഇവിടെയൊന്നും മിശിഹായെ കുറിച്ചു യാതൊരു സൂചനയുമില്ല. മാത്രവുമല്ല, ഉത്പത്തി 22:17 ൽ നിന്റെ സന്തതിയെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽത്തരികൾ പോലെയും യഹോവ അത്യധികം വർദ്ധിപ്പിക്കും എന്നും പരാമർശിക്കുന്നു. യേശുമിശിഹായ്ക്കു സന്തതികൾ ജനിച്ചതായി സുവിശേഷങ്ങളിൽ പരാമർശവുമില്ല. കൂടാതെ, ഓശാന ബൈബിൾ 22:17 ൽ ‘സന്തതിയിലൂടെ’ എന്നതിനു പകരം ‘സന്തതികളിലൂടെ’ എന്ന ബഹുവചനരൂപവുമാണു നല്കിയിരിക്കുന്നത്. എന്നാലും, ഇതൊരു പ്രവചനമാണെന്ന സൂചന നല്കുംവിധം അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങൾ 3:25 “അവിടന്ന് അബ്രഹത്തോട് അരുൾചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതമാകും” എന്നു വിവരിക്കുകയാണ്.യേശു, യൂദായുടെ ഗോത്രത്തിൽ പിറക്കുമെന്നവകാശപ്പെട്ടുകൊണ്ടുള്ള ദീർഘദർശനമാണു മറ്റൊന്ന്. ഇതിനു തെളിവായി വിശ്വാസികൾ ഉദ്ധരിക്കുന്നത് “ചെങ്കോൽ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളിൽ നിന്നു നീങ്ങിപ്പോകയില്ല” എന്ന ഉത്പത്തി 49:10, മീഖാ 5:2 ഭാഗങ്ങളാണ്. യഥാർത്ഥത്തിൽ, ഉത്പത്തി 49:10 യാക്കോബ് പുത്രനായ യൂദായെ അനുഗ്രഹിക്കുന്നതാണ്; അല്ലാതെ, മിശിഹായെ സംബന്ധിച്ചല്ല. മിശിഹാ ജെസ്സെയുടെ കുടുംബത്തിൽ പിറവിയെടുക്കുമെന്ന ഭാവിദർശനം ഹീബ്രു ലിഖിതങ്ങളിൽ (ഏശയ്യാ 11:1, 10) ഉണ്ടെന്ന സൂചന നല്കിക്കൊണ്ട് ആ വചനം നിവൃത്തിയായതായ ധാരണ സൃഷ്ടിച്ചു പൗലോസ് അപ്പോസ്തലൻ റോമ 15:12ൽ സംസാരിക്കുന്നുണ്ട്. എന്നാൽ, പഴയനിയമഭാഗം വായിച്ചാൽ ഇതു സന്ദർഭത്തിൽ നിന്നടർത്തിമാറ്റി ഉദ്ധരിച്ചതാണെന്നു മനസ്സിലാക്കാം.

മിശിഹാ, ദാവീദിന്റെ ഭവനത്തിൽ പിറവിയെടുക്കുമെന്ന പ്രവചനം പ്രസിദ്ധമാണ്. ഇതിനു തെളിവായി ഏശയ്യാ 9:7, ജെറമിയാ 23:5, 2 സാമുവൽ 7:12-16, സങ്കീർത്തനം 132:11 തുടങ്ങിയ പഴയനിയമഭാഗങ്ങൾ ഉദ്ധരിക്കാറുണ്ട്. ഏശയ്യാ 9:7 മിശിഹാ ദാവീദിന്റെ വംശത്തിൽ ജനിക്കുന്നതിനെ കുറിച്ചല്ല വിവരിക്കുന്നത്. മറിച്ചു, 9:6ൽ ഒരു കുഞ്ഞു പിറന്നതായി പറയുന്നുണ്ട്. ആ ശിശുവിനെക്കുറിച്ചാണു വിവരിക്കുന്നത്. ജെറമിയാ 23:5 വായിച്ചാൽ മനസ്സിലാകുന്നത് പ്രസ്തുത ഭാഗത്തിനു യേശുവുമായി യാതൊരു ബന്ധവുമില്ല എന്നും യൂദായെയും ഇസ്രയേലിനെയും രക്ഷിക്കാൻ വരുന്ന ഭാവി രാജാവിനെക്കുറിച്ചാണാ ഖണ്ഡമെന്നുമാണ്. 2 സാമുവൽ 7:12-16ഉം രക്ഷകനെക്കുറിച്ചല്ല പ്രവചിക്കുന്നത്. “അവൻ തെറ്റുചെയ്യുമ്പോൾ മാനുഷികമായ ദണ്ഡും ചമ്മട്ടിയുമുപയോഗിച്ചു ഞാൻ അവനെ ശിക്ഷിക്കും” എന്ന 7:14 വചനം അതിനു തെളിവാണ്. കാരണം, മിശിഹായ്ക്ക് ഒരിക്കലും തെറ്റുപറ്റുകയില്ലല്ലോ. സങ്കീർത്തനം 132:11 രക്ഷകനെ സംബന്ധിച്ചു വ്യക്തമായൊന്നും സൂചിപ്പിക്കുന്നില്ല. ദാവീദിന്റെ മക്കളിൽ ഒരുവനെ സിംഹാസനസ്ഥനാക്കുമെന്നാണു പ്രസ്തുത സങ്കീർത്തനം വിവരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മത്തായി 1:1ൽ അബ്രഹാത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്.

യേശു, യൂദാ ഗോത്രത്തിലും ജെസ്സെയുടെ കുടുംബത്തിലും ദാവീദിന്റെ ഭവനത്തിലും ജനിക്കുമെന്നതിനു തെളിവാക്കുന്നതു മത്തായി 1:1-17ലും ലൂക്കാ 3:23-38ലും വിവരിക്കുന്നതു യേശുവിന്റെ വംശാവലിയാണ്. കന്യകാത്വജനനം പരിഗണിച്ചാൽ യേശുവിന്റെ വ്യക്തമായ ഒരു വംശാവലി ഉണ്ടാകുകയില്ല. പ്രസ്തുത സാഹചര്യത്തിൽ, പ്രവചനപൂർത്തീകരണം നടന്നു എന്നവകാശപ്പെടുവാനായി വളർത്തുപിതാവായ ജോസഫിന്റെ വംശാവലിയെ ആശ്രയിക്കുകയാണു സുവിശേഷകർ. മത്തായിയുടെ വംശാവലി പരിഗണിച്ചാൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമുണ്ട്. മത്തായി 1:12 അനുസരിച്ചു യേശുവിനു യെഖൊന്യാ എന്നൊരു പിതാമഹനുണ്ട്. അദ്ദേഹത്തെ യഹോവ ശപിക്കുന്നതായി ജെറമിയാ വിവരിക്കുന്നുണ്ട്. “ഈ മനുഷ്യൻ മക്കളില്ലാത്തവനെന്നും ആയുഷ്ക്കാലത്തു വിജയം വരിക്കാത്തവനെന്നും എഴുതിവയ്ക്കു. കാരണം, ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യഹൂദാ ഭരിക്കാൻ അയാളുടെ സന്തതികളിൽ ആർക്കും സാധ്യമാവില്ല” എന്ന കർത്താവിന്റെ ശാപത്തെക്കുറിച്ചു ജെറെമിയാ 22:30 പറയുന്നു. ഇനി, ലൂക്കായുടെ വംശാവലിയാണു പരിഗണിക്കുന്നതെങ്കിലും ഇതേ പ്രശ്നം തന്നെയുണ്ടാകും. കാരണം, പ്രസ്തുത വംശാവലിയിൽ വിവരിക്കുന്ന ശെയൽത്തീയെലും സെറുബ്ബാബെലും യെഖൊന്യായുടെ പിൻഗാമികളാണ്.മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന യേശുവിന്റെ വംശാവലികൾ തമ്മിൽത്തമ്മിലും, പഴയനിയമഗ്രന്ഥങ്ങളിലെ വിവരണങ്ങൾ തമ്മിലും പല വൈരുദ്ധ്യങ്ങളുമുണ്ട്. യേശുവിന്റെ പിതാവെന്നു സുവിശേഷങ്ങളവകാശപ്പെടുന്ന ജോസഫിന്റെ പിതാവിന്റെ കാര്യത്തിൽ സുവിശേഷങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. മത്തായിയുടെ സുവിശേഷം (1:16) അനുസരിച്ചു യേശുവിന്റെ മുത്തച്ഛൻ യാക്കോബാണെങ്കിൽ ലൂക്കായുടെ സുവിശേഷമനുസരിച്ച് (3:23) അതു ഹേലിയാണ്. മത്തായിയുടെ സുവിശേഷവും (1:12) 1 ദിനവൃത്താന്തവും അനുസ്സരിച്ചു (3:17) യൊഖൊന്യായാണു ശെയൽത്തീയെലിന്റെ പിതാവെങ്കിൽ ലൂക്കാ (3:27) പറയുന്നു അതു നേറിയാണെന്ന്. 1 ദിനവൃത്താന്തം 3:15 യോശിയായുടെ പുത്രനായ യെഹോയാക്കിമാണു യെഖൊന്യായുടെ പിതാവെങ്കിൽ മത്തായി 1:11ൽ യോശിയയാണു പിതാവെന്നു പറയുന്നു. മത്തായി 1:4 അനുസരിച്ചു ഹെസ്റോന്റെ പുത്രൻ ആറാമാണ് അമ്മിനാദാബിന്റെ പിതാവ്. പക്ഷേ, ലൂക്കാ 3:33 വിശദീകരിക്കുന്നതു അർനീയുടെ പുത്രനായ അദ്മിനാണാ വ്യക്തി എന്നാണ്. കൂടാതെ, മത്തായി 1:13 അനുസരിച്ചു അബിയൂദും ലൂക്കാ 3:27 അനുസരിച്ചു റേസായുമാണു സെറുബ്ബാബെലിന്റെ പുത്രന്മാരെങ്കിലും 1 ദിനവൃത്താന്തം 3: 19-20 ൽ വിശദീകരിക്കുന്ന മക്കളുടെ പട്ടികയിൽ ഈ രണ്ടു വ്യക്തികളുടെയും പേരുകളില്ല.

യേശുവിന്റെ ജനനത്തെ സംബന്ധിച്ച മറ്റൊരു ഭാവിദർശനമെന്ന അവകാശവാദം ഹെറോദേസ് രാജാവു ശിശുഹത്യ നടത്തുന്ന സമയത്തു മിശിഹാ ജനിക്കുമെന്നതാണ്. ജെറമിയ (31:15) പ്രവചിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടു മത്തായിയുടെ സുവിശേഷം 2: 16-18ൽ മേൽ സൂചിപ്പിച്ച കുഞ്ഞുങ്ങളുടെ ഹത്യ വിവരിക്കുന്നുണ്ട്. “രാമായിൽ ഒരു സ്വരം കേൾക്കുന്നു, വിലാപവും കഠിനരോദനവും. റാഹേൽ തന്റെ മക്കൾക്കുവേണ്ടി കരയുന്നു. തന്റെ മക്കളെക്കുറിച്ച് അവൾ ആശ്വാസം കൈക്കൊള്ളുന്നില്ല; കാരണം, അവർ ഇല്ല” എന്നാണു ജെറമിയായുടെ ഭാവിദർശനം എന്നതാണു മത്തായിയുടെ അവകാശവാദം. ഈ ദീർഘദർശനം സംബന്ധിച്ചു പല പ്രശ്നങ്ങളുമുണ്ട്. ജെറമിയായുടെ പുസ്തകം വായിച്ചാൽ പ്രസ്തുതഭാഗം പൈതങ്ങളുടെ ഹത്യയെ കുറിച്ചല്ലെന്നു മനസ്സിലാകും. കൂടാതെ, ചരിത്രകാരന്മാർ ഹെറോദേസിന്റെ സമയത്തു നടന്നതായി പറയുന്ന പ്രസ്തുത സംഭവത്തിന്റെ ആധികാരികതയിൽ സംശയം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉദാഹരണത്തിനു, യഹൂദചരിത്രകാരനായ ജോസിഫസ്, ഹെറോദോസിന്റെ പലക്രൂരതകളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളെ കൊന്നതിനെക്കുറിച്ചൊന്നും പറയുന്നില്ല. ബഞ്ചമിന്റെയും ജോസഫിന്റെയും അമ്മയായ സ്ത്രീ, തന്റെ മക്കളെ ഈജിപ്തിലേക്കു പിടിച്ചുകൊണ്ടുപോയപ്പോൾ കരയുന്നതിനെക്കുറിച്ചാണു “റാഹേൽ തന്റെ മക്കൾക്കു വേണ്ടി കരയുന്നു” എന്ന ഭാഗം സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ, ലേഖകൻ ദർശിച്ച ബാബിലോണിയൻ അടിമത്തത്തെ കുറിച്ചാണീ വാചകങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, തുടർന്നുവരുന്ന വാക്കുകളിൽ കുട്ടികൾ തിരികെയെത്തുന്നതായും സൂചിപ്പിക്കുന്നതുകൊണ്ട് ഈ വചസ്സുകൾ ശിശുഹത്യയെ സംബന്ധിച്ചല്ലെന്നുറപ്പിക്കാം.

“ഈജിപ്തിൽനിന്നും ഞാനെന്റെ പുത്രനെ വിളിച്ചു” എന്ന ഹോസിയായുടെ (11:1) പ്രവചന പൂർത്തീകരണത്തിനായി മാലാഖയുടെ നിർദ്ദേശാനുസരണം ജോസഫ് ശിശുവായ യേശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്തിലേക്കു യാത്രയായി എന്നു മത്തായി 2:15 വിവരിക്കുന്നു. ഹെറോദോസിൽനിന്നു കുഞ്ഞിനെ രക്ഷിക്കാനാണു മാലാഖ ഈ നിർദ്ദേശം നല്കിയത്. പക്ഷേ, ഹോസിയായുടെ പുസ്തകം വായിച്ചാൽ മനസ്സിലാകുന്നത് എന്തെന്നാൽ, ഇതു മിശിഹായെ സംബന്ധിച്ച ഒരു ദീർഘദർശനമേ ആയിരുന്നില്ലെന്നും മറിച്ചു, ഈജിപ്തിൽ നിന്നുള്ള ഇസ്രയേല്യരുടെ പുറപ്പാടു സംബന്ധിച്ച പരാമർശമായിരുന്നു എന്നുമാണ്.“അവൻ നസ്രായൻ എന്നു വിളിക്കപ്പടും” എന്ന പ്രവചനത്തിന്റെ പൂർത്തീകരണത്തിനായാണു മാലാഖയുടെ നിർദ്ദേശപ്രകാരം ജോസഫ് യേശുവുമായി നസ്രത്തിൽ വന്നു താമസ്സിച്ചത് എന്നു മത്തായി 2:23 അവകാശപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു ഭാവിദർശനം പഴയനിയമത്തിലൊരിടത്തുമില്ല. എങ്കിലും, ചിലരവകാശപ്പെടുന്നതു മാലാഖ സാംസന്റെ അമ്മയോടു അവൻ മരണം വരെ നാസിർവ്രതക്കാരനായിരിക്കുമെന്നതു സംബന്ധിച്ചു സൂചന നല്കുന്ന; ന്യായാധിപന്മാർ 13:5 “അവൻ ജനനം മുതൽ ദൈവത്തിനു നാസിർവ്രതക്കാരനായിരിക്കും” എന്ന വാക്യത്തെക്കുറിച്ചാണു മത്തായി പരാമർശിക്കുന്നതെന്നാണ്. നസ്രായനും നാസിർവ്രതക്കാരനും വ്യത്യസ്തരാണ്. നസ്രായനെന്നാൽ നസ്രത്തിൽ വസിക്കുന്നവനെന്നാണ് അർത്ഥം. എന്നാൽ, നാസിർവ്രതക്കാരനായ യഹൂദൻ വീഞ്ഞു കുടിക്കുകയോ സ്വന്തം മുടി മുറിക്കുകയോ ചെയ്യില്ല; കൂടാതെ, യഹോവയ്ക്കു പ്രത്യേകബലികൾ അർപ്പിക്കുവാനും അവനു കടപ്പാടുണ്ട്. (സംഖ്യ 6: 1-21). സംഖ്യ പുസ്തകത്തിൽ സൂചിപ്പിക്കുന്ന, നാസീർവ്രതം മുഴുമിപ്പിച്ചവർ അനുഷ്ഠിക്കേണ്ട ആചാരങ്ങളൊന്നും യേശു നിർവ്വഹിച്ചതായി സുവിശേഷങ്ങളിലൊന്നും കാണുന്നില്ല. യേശു വീഞ്ഞു കുടിച്ചിരുന്നതുകൊണ്ടു നാസിർവ്രതക്കാരനായിരുന്നില്ല (മത്തായി 26:29, ലൂക്കാ 22:18, മർക്കോസ് 14:25). കാനായിലെ കല്ലാണസമയത്തു യേശുവിന്റെ മാതാവിന്റെ ആവശ്യപ്രകാരം വെള്ളം വീഞ്ഞാക്കുന്ന അവസരവും (യോഹ 2:11); “മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും, മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്നു നിങ്ങൾ പറയുന്നു” എന്ന ലൂക്കാ 7:34 വാക്യം വിവരിക്കുന്ന സന്ദർഭവും യേശു വീഞ്ഞ് ഉപയോഗിച്ചിരിക്കാം എന്ന സാധ്യതയിലേക്കാണു വിരൽചൂണ്ടുന്നത്.

മിശിഹായുടെ ആഗമനസമയത്തെ കുറിച്ച് ഒരു സുപ്രധാന പ്രവചനമായി പല സുവിശേഷപ്രസംഗകരും ഉദ്ധരിക്കുന്ന വചനം ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിലെ 9:24-27 വചനങ്ങളാണ്. “നിന്റെ ജനത്തിന്നും നിന്റെ വിശുദ്ധനഗരത്തിനും 70 ആഴ്ചകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അക്കാലത്ത് അതിക്രമം അമർച്ചചെയ്യപ്പെടണം; പാപം അവസാനിപ്പിക്കണം; അപരാധത്തിനു പ്രായശ്ചിത്തം ചെയ്യപ്പെടണം; നിത്യനീതി കടന്നുവരണം; ദർശനവും പ്രവചനവും നിറവേറണം; അതിവിശുദ്ധസ്ഥലം അഭിഷേചിക്കപ്പെടണം. അതുകൊണ്ട് ഇത് അറിയൂ, മനസ്സിലാക്കൂ: പുനരുദ്ധരിക്കാനും പുതുക്കിപ്പണിയാനുമുള്ള വചനം പുറപ്പെടുന്നതു മുതൽ അഭിഷിക്തനായ ഒരു പ്രമാണി വന്നെത്തുന്നതുവരെ, ഏഴാഴ്ച ഉണ്ടായിരിക്കും; പിന്നെ 62 ആഴ്ചക്കാലത്തേക്ക് അതു പുനരുദ്ധരിക്കപ്പെട്ട നിലയിൽ, മൈതാനങ്ങളോടും വീഥികളോടും കൂടെ പുതുക്കിപ്പണിത നിലയിൽ, തുടരും. ആ 62 ആഴ്ച കഴിഞ്ഞു വരുന്ന ദുരിതകാലത്ത്, ഒരു അഭിഷിക്തൻ അപരാധമൊന്നും ചെയ്യാതിരിക്കെ, വിച്ഛേദിക്കപ്പെടും; ആക്രമിച്ചു കടക്കുന്ന ഒരു പ്രഭുവിന്റെ വ്യൂഹം, നഗരവും വിശുദ്ധസ്ഥലവും നശിപ്പിക്കും. അതിന്റെ അവസാനത്തെ ഒരു പ്രളയംപോലെ ആയിരിക്കും; കൂടെ വിനാശവും യുദ്ധവും ഉണ്ടായിരിക്കും. ഒരാഴ്ചത്തേക്ക് അയാൾ അനേകരെ ഉടമ്പടി ലംഘിക്കാൻ പ്രേരിപ്പിക്കും. പകുതി ആഴ്ചത്തേക്ക് ബലിയും വഴിപാടും അയാൾ തടയും. ദേവാലയത്തിന്റെ ചിറകുകളിൽ വിനാശകരമായ മ്ളേച്ഛത പ്രതിഷ്ഠിക്കപ്പെടും; അന്ത്യത്തിൽ, നിർദിഷ്ടമായ വിനാശം സംഹാരകന്റെമേൽ ചൊരിയപ്പെടും” എന്നതാണ് ആ ഭാഗം (2).
പൊതുവേ, ക്രിസ്തുമതപ്രചാരകർ ഇതൊരു മിശിഹാ പ്രവചനമാണെന്ന് അവകാശപ്പെടാനായി ‘ആഴ്ച’യെ ഏഴു വർഷമായാണു വ്യാഖ്യാനിക്കാറുള്ളത്. “ആ ദേശത്തു രഹസ്യപരിശോധന നടത്തിയ നാല്പതു ദിവസത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്ന് ഒരു വത്സരം എന്ന കണക്കിൽ നാല്പതു വത്സരം നിങ്ങൾ നിങ്ങളുടെ അപരാധം വഹിക്കും. അങ്ങനെ എൻ്റെ അപ്രീതി നിങ്ങൾ അറിയും” എന്ന സംഖ്യ 14:34 വാക്യവും “ഒരു വത്സരത്തിന് ഒരു ദിവസമെന്ന കണക്കിൽ നാല്പതു ദിവസമാണു ഞാൻ നിനക്കു നിശ്ചയിച്ചിരിക്കുന്നത്” എസെക്കിയേൽ 4:6 വാചകവും അതിനവർ ആശ്രയിക്കും.

അതുകൊണ്ട്, 70 ആഴ്ചയെ 490 വർഷമായും; ഏഴാഴ്ചയെ 49 വർഷമായും; അറുപത്തിരണ്ട് ആഴ്ചയെ 434 വർഷങ്ങളായും; ഒരാഴ്ചയെ 7 വർഷങ്ങളായും അവർ കാണുന്നു. ദീർഘദർശനത്തിൽ സൂചിപ്പിച്ച സമയത്തിന്റെ ആരംഭമെന്നു പറയുന്നതു ജറുസലെം പുനരുദ്ധാരണത്തിനും പുനർനിർമ്മാണത്തിനുമായി ഒരു കല്പന പുറപ്പെടുവിക്കുന്നതോടെയാണ്. ജറുസലെം ദേവാലയം പുനർനിർമ്മിക്കുന്നതു സംബന്ധിച്ച ഒരു ഉത്തരവു പുറപ്പെടുവിച്ചതായി 2 ദിനവൃത്താന്തം 36:22-23, എസ്ര 1:1-4 എന്നീ ഭാഗങ്ങളിൽ കാണാം. ബി സി ഇ 538 ൽ ദാനിയേലിന്റെ കാലത്തുതന്നെ ജീവിച്ചിരുന്ന പേർഷ്യ രാജാവ് സൈറസ് പുറത്തിറക്കിയ ആജ്ഞയെ കുറിച്ചാണു പ്രസ്തുത ഭാഗങ്ങൾ സൂചിപ്പിക്കുന്നത്. ഈ കല്പനക്ക് ‘ഏഴ് ആഴ്ചയും അറുപത്തിരണ്ട് ആഴ്ചയും’ അഥവാ 483 വർഷങ്ങൾ കഴിയുമ്പോൾ എന്നു പറയുമ്പോൾ ബി സി ഇ 55 ആകും. യേശുമിശിഹായുടെ കാലഘട്ടത്തിനു വളരെ നേരത്തെയാകുമത് എന്നതുകൊണ്ട് 25ാം വാക്യത്തിൽ സൂചിപ്പിക്കുന്ന ഈ ഉത്തരവു വിശ്വാസികൾ തള്ളിക്കളയുകയാണു ചെയ്യുന്നത്.
മറ്റു മൂന്നു ആജ്ഞകൾകൂടി പരിഗണിക്കേണ്ടതായുണ്ടെന്നാണ് പണ്ഡിതർ അവകാശപ്പെടുന്നത്. എസ്രായുടെ പുസ്തകത്തിൽ വിവരിക്കുന്ന ദാരിയൂസിന്റെ കല്പന, പ്രസ്തുത ഗ്രന്ഥത്തിൽത്തന്നെ വിവരിക്കുന്ന അർത്തഹ്ശസ്ത്തായുടെ ഉത്തരവ്, നെഹമിയായുടെ പുസ്തകത്തിൽ വിവരിക്കുന്ന അർത്തഹ്ശസ്ത്തായുടെ കല്പന എന്നിവയാണവ. എസ്രാ 6:1-9 ൽ വിവരിക്കുന്ന ദാരിയൂസിന്റെ ആജ്ഞയിലൂടെ ആജ്ഞാപിച്ചതു സൈറസിന്റെ ആജ്ഞാപത്രം പുരാരേഖകളിൽ നിന്നും കണ്ടെടുക്കുവാനായി ഒരന്വേഷണം നടത്തുവാനും അതിനുശേഷം നികുതിപ്പണമുപയോഗിച്ചു ജറുസലെം ദേവാലയനിർമ്മാണം പുനരാരംഭിക്കാനുമാണ്. ഇതു സംഭവിക്കുന്നതു ബി സി ഇ 522 ലാണ് (എസ്രാ 4:24). അങ്ങിനെയെങ്കിൽ, രക്ഷകൻ വരുന്നതു ബി സി ഇ 39 ൽ ആകുന്നതുകൊണ്ട്, ഈ കാലഘട്ടവും മിശിഹായുടെ കാലത്തിനു വളരെ നേരത്തേയാകും.എസ്രാ 7:11-28 വിവരിക്കുന്ന അർത്തഹ്ശസ്ത്താ രാജാവിന്റെ എസ്രായോടുളള കല്പനയിലൂടെ ഇസ്രയേൽ ജനങ്ങളെ ജറുസലേമിലേക്കു തിരികെ പോകുവാനും രാജാവിൽ നിന്നു സഹായങ്ങൾ സ്വീകരിക്കാനും അനുവദിക്കുന്നു. ഈ ഉത്തരവു പുറപ്പെടുവിച്ചത് എസ്രാ 7:7ലെ സൂചനയനുസരിച്ചു ബി സി ഇ 458ലാണ്. അങ്ങനെയാണെങ്കിൽ, രക്ഷകന്റെ ആഗമനകാലം സി ഇ 26 ആയിരിക്കും. മിശിഹായുടെ ദൗത്യത്തിന്റെ ആരംഭമായി ‘അറുപത്തി രണ്ടാമാഴ്ചയുടെ’ അവസാനത്തെ കണക്കാക്കിയാൽ ഈ രാജകല്പനയെ മിശിഹായുടെ വരവിനെ സംബന്ധിച്ച സൂചനയായി എടുക്കാമെങ്കിലും ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ദാനിയേൽ 9:26ലെ ‘അഭിഷിക്തൻ വിച്ഛേദിക്കപ്പെടും’ എന്ന സൂചനവച്ചു കുരിശുമരണ സമയത്തെയാണു രക്ഷകന്റെ കാലഘട്ടത്തിന്റെ അവസാനമായി കണക്കാക്കുന്നത്. ക്രിസ്തുമതാനുയായികൾ ഭൂരിഭാഗവും ദാനിയേലിന്റെ മിശിഹാക്കാല സൂചന നല്കുന്ന ദാനിയേലിന്റെ പ്രവചനം സൂചിപ്പിക്കുന്ന‍ സമയം ആരംഭിക്കുന്നത് കണ്ടെത്താനായി മേൽ വിവരിച്ച ആജ്ഞാപത്രകാലമോ, സൈറസിന്റെയും ദാരിയൂസിന്റെയും കല്പനകളുടെ കാലഘട്ടങ്ങളോ പരിഗണിക്കുന്നില്ല.

നെഹെമ്യാ 2:1-6 ൽ വിവരിക്കുന്ന അർത്തഹ്ശസ്ത്ത രാജാവിന്റെ ഉത്തരവു യഥാർത്ഥത്തിൽ ഒരു കല്പന പോലുമല്ല. യൂദായിലേക്കു യാത്ര ചെയ്യുന്നതിനും ജറുസലേം ദേവാലയ വാതിലുകളും നഗരമതിലുകളും പണിയുന്നതിനുമുള്ള തടികൾ ലഭ്യമാക്കുന്നതിനുമായി രാജാവ് നെഹെമ്യാക്കു നല്കിയ കത്തുകളാണവ. ഈ സംഭവം നടന്നതു ബി സി ഇ 445ൽ ആണ്. അങ്ങനെയെങ്കിൽ, മിശിഹായുടെ കാലം സി ഇ 39 ആകും. ഇതു വളരെ വൈകിയ കാലഘട്ടമാണ്. എന്തെന്നാൽ, മിശിഹായുടെ കാലമായി പൊതുവേ പറയുന്നതു സി ഇ 29 മുതൽ 33 വരെയുള്ള സമയമാണ്. ദാനിയേലിന്റെതു മിശിഹായെ സംബന്ധിക്കുന്ന ഭാവിദർശനമാണെന്നു സ്ഥാപിക്കുന്നതിനായി സുവിശേഷ പ്രചാരകർ പലവിശദീകരണങ്ങളും നല്കുന്നുണ്ടെങ്കിലും അവയൊന്നും തൃപ്തികരമല്ല എന്നു മനസ്സിലാക്കാം (3).

മിശിഹായുടെ ദൗത്യം സംബന്ധിച്ച പ്രവചനങ്ങൾ:- യേശുവിന്റെ ജീവിതത്തെയും ദൗത്യത്തെയും കുറിച്ചു നിരവധി ദീർഘദർശനങ്ങൾ ബൈബിളിലുള്ളതായി വിശ്വാസികൾ അവകാശപ്പെടാറുണ്ട്. യേശുവിനു വഴിയൊരുക്കുവാൻ അവനു മുമ്പേ ഒരുവൻ (സ്നാപകയോഹന്നാൻ) വരുമെന്നും, ഗലീലിയിൽ ഒരു ദൗത്യം യേശു നിർവ്വഹിക്കുമെന്നും, അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നും, കഴുതപ്പുറത്തേറി ജറുസലേമിൽ പ്രവേശിക്കുമെന്നും ഭാവിദർശനങ്ങൾ അവകാശപ്പെടുന്നു.
ഏശയ്യാ 40:3 സൂചിപ്പിക്കുന്നു “ഒരു സ്വരം വിളിച്ചുപറയുന്നു: മരുഭൂമിയിൽ കർത്താവിനു വഴിയൊരുക്കൂ; മരുഭൂമിയിൽ നമ്മുടെ ദൈവത്തിനു ഒരു പെരുവഴി നേരെയാക്കൂ” എന്ന്. പക്ഷേ, ഈ ഭാഗം യേശുവിനു വഴിയൊരുക്കുവാൻ വന്നവനെക്കുറിച്ചല്ലെന്നും ബാബിലോണിയ അടിമത്തത്തിൽ നിന്നു പുറത്തുവരുന്ന യഹൂദരെ സംബന്ധിച്ചാണെന്നും സ്പഷ്ടമാണ്. “ഇതാ വഴിയൊരുക്കി എനിക്കു മുമ്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു” എന്ന മലാഖി 3:1 വചനവും മിശിഹായ്ക്കു മുന്നേ വഴിയൊരുക്കുവാൻ വരുന്നവനെ സൂചിപ്പിക്കാനാണെന്ന വാദം ഉന്നയിക്കാറുണ്ട്. അഴിമതി നടമാടുന്ന ജറുസലേം ദേവാലയം ശുദ്ധീകരിക്കുവാൻ യഹോവതന്നെ വരുന്നതിന്റെ മുന്നോടിയായി അവിടന്നു തന്റെ ദൂതനെ മുമ്പേ അയക്കുമെന്ന വാഗ്ദാനമാണീ വാക്യത്തിൽ കാണുന്നത്. പ്രസ്തുത ദൂതൻ ഏലിയാ ആണെന്നു “മഹത്വമേറിയതും ഭയജനകവുമായ കർത്താവിന്റെ ദിനം വരുംമുമ്പ്, പ്രവാചകനായ ഏലിയായെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും” എന്നു മലാഖി 4:5 ൽ വ്യക്തമാക്കുന്നുമുണ്ട്. യഥാർത്ഥത്തിൽ, സ്നാപയോഹന്നാൻ യേശുവിനു വഴിയൊരുക്കിയോ എന്ന ചോദ്യം പ്രസക്തമാണ്. ഫ്ളാവിയസ് ജോസിഫസ് എന്ന യഹൂദ ചരിത്രകാരൻ സ്നാപകനെക്കുറിച്ചു തന്റെ ചരിത്രപുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ യേശുവുമായി ബന്ധിപ്പിക്കുന്നില്ല. പൗലോസിന്റെ കത്തുകൾ പോലുള്ള ആദ്യകാല ക്രൈസ്തവ രചനകളിലും സ്നാപകനെക്കുറിച്ചു പരാമർശങ്ങളില്ല. സുവിശേഷങ്ങളിലും അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിലും അദ്ദേഹത്തെ യേശുവുമായി ബന്ധിക്കുന്ന സൂചനകളുണ്ടെങ്കിലും സുവിശേഷങ്ങളിലെ തെളിവുകൾക്ക് ഉറപ്പുകുറവാണ്. യോഹന്നാന്റെ സുവിശേഷമനുസരിച്ചു സ്നാപകയോഹന്നാൻ ഹെറോദോസിന്റെ കാരാഗൃഹത്തിലാകുന്നതിനു മുമ്പു യേശുവിനെ മിശിഹായായി തിരിച്ചറിയുന്നുണ്ട് (യോഹന്നാൻ. 1:25-34, 3: 23-24). എന്നാൽ, മത്തായിയുടെയും (11:2-3) ലൂക്കായുടെയും (7:18-22) സുവിശേഷങ്ങൾ പ്രകാരം സ്വന്തം ശിഷ്യന്മാരെ യേശുവിനടുത്തേക്കയച്ച് അദ്ദേഹം മിശിഹായാണെന്ന് അവകാശപ്പെടുന്നോ എന്നു ചോദിക്കുന്നുണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നതു ശരിയെങ്കിൽ ഇങ്ങനെ ചെയ്തതെന്തിനാണെന്ന ചോദ്യം പ്രസക്തമാണ്.മത്തായിയുടെ സുവിശേഷമാധാരമാക്കി ക്രിസ്തുമതവിശ്വാസികൾ പറയുന്നതു മിശിഹായുടെ ഗലീലിയിലെ ദൗത്യത്തെക്കുറിച്ചു ഏശയ്യാ പ്രവചിക്കുന്നുണ്ടെന്നാണ്. ഏശയ്യാ 9:1 പറയുന്നു “പഴയകാലത്തു സെബൂലൂൻദേശത്തെയും നഫ്താലിദേശത്തെയും അവൻ അപമാനിതമാക്കി. എന്നാൽ, പിൽക്കാലത്തു സമുദ്രത്തിലേക്കുള്ള വഴിയിൽ യോർദ്ദാന്ന് അക്കരെയുള്ള ദേശമായ ജനതകളുടെ ഗലീലയെ അവൻ മഹത്ത്വപ്പെടുത്തും.” യേശു ദൈവരാജ്യസന്ദേശവുമായി ഗലീല പ്രദേശത്തേക്കു കടന്നുവന്നതിനെ ഈ ഭാവിദർശനത്തിന്റെ പൂർത്തീകരണമായിട്ടാണു മത്തായി അവതരിപ്പിക്കുന്നത് (മത്തായി 4:13-16). പക്ഷേ, ഏശയ്യായുടെ പ്രവചനമെന്നു പറയുന്ന ഭാഗം മിശിഹായുടെ ഗലീലദൗത്യത്തെക്കുറിച്ചു യാതൊന്നുംതന്നെ സൂചിപ്പിക്കാതെ പ്രസ്തുത ദേശത്തെ മഹത്ത്വപ്പെടുത്തുന്ന കാര്യം മാത്രമാണു വ്യക്തമാക്കുന്നത്. തുടർന്നുവരുന്ന ഏശയ്യായുടെ 9:6-7 വാക്യങ്ങളിൽ ഒരു ശിശു ജനിക്കുമെന്നും; അവൻ രാജാവാകുമെന്നും; അവൻ ‘ വിസ്മയാവഹനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു’ എന്നീ പേരുകളിൽ വിളിക്കപ്പെടുമെന്നും പറയുന്നുണ്ട്. യഹൂദപാരമ്പര്യമനുസ്സരിച്ച് ഇതു ഹെസക്കിയ രാജാവിനെക്കുറിച്ചാണു പറയുന്നത്; മിശിഹായെക്കുറിച്ചല്ല. കൂടാതെ, ഏശയ്യാ 9:7 മിശിഹായെപ്പറ്റിയാണെങ്കിൽ അദ്ദേഹത്തിന്റെ രാജത്വം സംഭവിച്ചിട്ടുമില്ല.
മിശിഹായുടെ അത്ഭുതരോഗശാന്തി പ്രവർത്തനങ്ങളെക്കുറിച്ചു ഏശയ്യാ 35:5-6ലും 32:3-4ലും പ്രവചിക്കുന്നുണ്ടെന്നു ക്രൈസ്തവവിശ്വാസികൾ അവകാശപ്പെടാറുണ്ട്. മത്തായിയുടെയും (11:5) ലൂക്കായുടെയും സുവിശേഷങ്ങളിൽ മെസയാനിക കാലഘട്ടത്തിന്റെ അടയാളമായി ഉദ്ധരിച്ചിട്ടുളളതാണ് ഈ അവകാശവാദത്തിനടിസ്ഥാനം. ഏശയ്യാ 32:3-4 രോഗശാന്തിയെക്കുറിച്ചൊന്നും പറയുന്നില്ല; മറിച്ചു, “കാണുന്നവരുടെ കണ്ണുകൾ ഇനി അടഞ്ഞിരിക്കയില്ല; കേൾക്കുന്നവർ ചെവി പാർത്തിരിക്കും; അവിവേകികളുടെ മനസ്സിനു നല്ല വിവേകമുണ്ടാകും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും” എന്നാണു സൂചിപ്പിക്കുന്നത്. മാത്രവുമല്ല, ഇതെല്ലാം ഒരു രാജാവിന്റെ ഭരണകാലത്തു സംഭവിക്കും എന്നാണു ഏശയ്യാ 32:1 വ്യക്തമാക്കുന്നതെങ്കിലും യേശുവിന്റെ ദൗത്യകാലത്ത് അങ്ങനെയൊന്നും ഇസ്രയേലിൽ സംഭവിച്ചില്ല. ഏശയ്യാ 35:5-6 രോഗശാന്തിയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. “അപ്പോൾ അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും; ബധിരരുടെ ചെവികൾ അടഞ്ഞിരിക്കയില്ല” എന്നു പറയുന്നുണ്ടെങ്കിലും പ്രസ്തുതഭാഗങ്ങൾ വായിച്ചാൽ മിശിഹായല്ല മറിച്ചു ദൈവം നേരിട്ടുതന്നെ രോഗശാന്തി നല്കുന്നതായാണു മനസ്സിലാകുന്നത്. മാത്രമല്ല, “ചുട്ടുപഴുത്ത മണ്ണു തടാകമാകും; വരണ്ട നിലം നീരുറവകളാകും. കുറുക്കന്മാരുടെ വിഹാരരംഗം ചതുപ്പുനിലമാകും; അവിടെ പുല്ല്, ഞാങ്ങണയും കോരപ്പുല്ലും വളരും. അവിടെ ഒരു രാജവീഥിയുണ്ടാകും; വിശുദ്ധവീഥിയെന്ന് അതു വിളിക്കപ്പെടും” എന്നെല്ലാം ഏശയ്യാ 35:7-8 വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ കാര്യങ്ങളൊന്നും നിവൃത്തിയായതായി യേശുവിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ബൈബിൾ ഭാഗങ്ങളിലൊന്നും സൂചനയില്ല.

യേശുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനമെന്ന് അവകാശപ്പെടുന്നത് “ഇതാ, നിന്റെ രാജാവു നിന്റെ അടുക്കലേക്കുവരുന്നു. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, സവാരി ചെയ്തുവരുന്നു.” എന്ന സഖറിയാ 9:9 ഭാഗമാണ്. യേശു ഇതുവരെ ഒരു രാജാവായിട്ടില്ലാത്തതുകൊണ്ടു ദീർഘദർശനത്തിന്റെ ഈ ഭാഗം നിവൃത്തിയായതായി കരുതാനാകില്ല. മറ്റൊരു പ്രശ്നം, മത്തായി 10:11-19, ലൂക്കാ 19:28-38, യോഹന്നാൻ 12:12-19 എന്നീ സുവിശേഷഭാഗങ്ങളിൽ യേശു കഴുതപ്പുറത്തു ജറുസലേമിലേക്കു പ്രവേശിച്ചു എന്നു പറയുമ്പോൾ, മത്തായി 21:1-11 ൽ ഈ സംഭവത്തെക്കുറിച്ചു വിവരിക്കുന്നതു യേശു കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു യാത്രചെയ്തു എന്നാണ്.

യേശുവിന്റെ ദൗത്യത്തിൽ കാണിച്ച അടയാളങ്ങളൊന്നും ജനങ്ങൾ വിശ്വസിച്ചില്ല എന്നതു യെശയ്യാ പ്രവാചകന്റെ പ്രവചനപൂർത്തീകരണമായി യോഹന്നാൻ 12:37-38 അവകാശപ്പെടുന്നു. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കർത്താവിന്റെ കരം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നീ വചനങ്ങളാണിതിനു തെളിവായി ഉദ്ധരിക്കുന്നത്. “ഞങ്ങൾ കേട്ടത് ആരാണു വിശ്വസിച്ചത്? കർത്താവിന്റെ കരം ആർക്കാണു വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്?” എന്ന യെശയ്യാ 53:1 വചനമാണു സൂചന. യോഹന്നാന്റെയും യെശയ്യായുടെ വചസ്സുകൾ തമ്മിലുള്ള ചെറുസാമ്യമല്ലാതെ മിശിഹായുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഇവിടെ കർത്താവിന്റെ സന്ദേശത്തിനുപകരം ‘ഞങ്ങളുടെ സന്ദേശം’ ആരു വിശ്വസിച്ചു എന്നാണു ചോദ്യം. മാത്രവുമല്ല, “അയാളുടെ നാവിൽ ഒരു വഞ്ചനയും ഇല്ലായിരുന്നെങ്കിലും ദുഷ്ടരോടുകൂടി ശവക്കുഴി അവർ നല്കി, ദുർവൃത്തരുടെ കൂടെ ശവകുടീരവും.” എന്ന വചനത്തിനും (53:9) “അയാൾ ശക്തരോടൊപ്പം കൊള്ളമുതൽ വീതിക്കും” എന്ന വാക്യത്തിനും (53:12) യേശുവിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.യേശു ഒറ്റിക്കൊടുക്കപ്പെടുന്നതു സംബന്ധിച്ച പ്രവചനങ്ങൾ:- യേശു സ്വന്തം ശിഷ്യനായ യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെടും എന്നവകാശപ്പെടുന്ന അനവധി ദീർഘദർശനങ്ങൾ പഴയനിയമഗ്രന്ഥങ്ങളിൽ ഉണ്ടെന്നു സുവിശേഷം പറയുന്നുണ്ട്. യേശു മുപ്പതു വെള്ളിക്കാശിനായി ഒരു സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പെടും; അങ്ങനെ ലഭിക്കുന്ന ധനം ദേവാലയത്തിലേക്കു നല്കും; ആ പണത്തിനു കുശവന്റെ പറമ്പു മേടിക്കും എന്നെല്ലാം ഭാവിദർശനങ്ങൾ അവകാശപ്പെടുന്നു. സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പടുമെന്ന ദീർഘദർശനത്തിനു തെളിവായി പറയുന്നതു സങ്കീർത്തനം 41:9, 55:12-14 ഭാഗങ്ങളാണ്. സങ്കീർത്തനം 41:9 പറയുന്നു “ഞാൻ വിശ്വസിച്ച, എന്റെ അപ്പം ഭക്ഷിച്ച, എന്റെ ആത്മസ്നേഹിതൻ പോലും എന്റെ നേരെ കുതികാലുയർത്തിയിരിക്കുന്നു.” സങ്കീർത്തനം 55: 12-14 സൂചിപ്പിക്കുന്നു “ഒരു ശത്രുവല്ല എന്നെ അധിക്ഷേപിക്കുന്നത് – എങ്കിൽ എനിക്കതു സഹിക്കാമായിരുന്നു; ഒരു പ്രതിയോഗിയല്ല എന്നോടു ധിക്കാരപൂർവ്വം പെരുമാറുന്നത് – എങ്കിൽ എനിക്ക് അയാളിൽനിന്നു മറഞ്ഞിരിക്കാമായിരുന്നു. എന്നാൽ എന്റെ തരപ്പടിക്കാരനായ നീയാണ് അതു ചെയ്തത്; എന്റെ ചങ്ങാതി, ഉറ്റസുഹൃത്ത്. നാം തമ്മിൽ ഹൃദ്യമായി സംസാരിച്ചിരുന്നു; ദൈവഭവനത്തിൽ നാം കൂട്ടായ്മയോടെ വ്യാപരിച്ചിരുന്നു.” രണ്ടു സങ്കീർത്തനഭാഗങ്ങളും ഒരു സുഹൃത്തിന്റെ വഞ്ചനയുടെ വേദനയാണു വ്യക്തമാക്കുന്നതെങ്കിലും ഇവിടെയൊന്നും ഭാവിയിൽ നടക്കാനിരിക്കുന്നൊരു ഒറ്റിനെക്കുറിച്ചു സൂചനയില്ല. മാത്രവുമല്ല, “അനേകർ, തനിക്കെതിരെ അണിനിരന്നിരിക്കുന്നല്ലോ” എന്ന സങ്കീർത്തനഭാഗം (55:18) വഞ്ചകർ അനേകരുണ്ട് എന്ന പ്രതീതി തരുന്നുമുണ്ട്. യോഹന്നാന്റെ സുവിശേഷം 13: 21-26 നല്കുന്ന സൂചന യൂദാസ് തന്നെ ഒറ്റുമെന്ന മുൻധാരണ യേശുവിനുണ്ടായിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ, യേശു യൂദാസിനെ വിശ്വസിക്കരുതായിരുന്നു. യോഹന്നാൻ 13:18 ൽ സങ്കീർത്തനം 41:9 ഉദ്ധരിക്കുമ്പോൾ ‘ഞാൻ വിശ്വസിച്ച’ എന്ന ഭാഗം ഒഴിവാക്കിയിരിക്കുന്നതിൽനിന്നു യോഹന്നാൻ ഈ പ്രശ്നം തിരിച്ചറിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം.

മത്തായി 26: 14-15ൽ യേശുവിനെ ഒറ്റിക്കൊടുത്തതിനു പ്രതിഫലമായി യഹൂദപുരോഹിതന്മാർ മുപ്പതു വെള്ളിക്കാശു നല്കി എന്നു പറയുന്നുണ്ട്. മത്തായി 27:9-10 അവകാശപ്പെടുന്നതു “ഇസ്രയേൽ മക്കൾ വിലപ്പെട്ടവന്നു മതിച്ച വിലയായ മുപ്പതു വെള്ളിനാണയം അവരെടുത്തു. കർത്താവ് എന്നോട് അരുൾചെയ്തതുപോലെ അവർ അതു കുശവന്റെ പറമ്പിനു വിലയായി കൊടുത്തു” എന്ന ജെറമിയയുടെ പ്രവചനത്തിന്റെ പൂർത്തീകരണമായാണ് ഇങ്ങനെ സംഭവിച്ചതെന്നാണ്. ഇവിടെയുള്ള വലിയപ്രശ്നം എന്തെന്നാൽ ഇങ്ങനെയൊരു വാചകം ജെറമിയായുടെ പുസ്തകത്തിൽ കാണുന്നില്ല എന്നതാണ്. ഇതിനു സമാനമായ ഒരു ഭാഗം സഖറിയായുടെ പുസ്തകത്തിൽ ഉണ്ട്. പക്ഷേ, അവിടെ ഒറ്റിക്കൊടുക്കലിനെക്കുറിച്ച് ഒന്നും സൂചിപ്പിക്കുന്നില്ല. മറിച്ചു, തന്നെക്കുറിച്ചു തന്നെയാണു പ്രവാചകൻ പറയുന്നത്. “അപ്പോൾ ഞാൻ അവരോടു പറഞ്ഞു: ‘ശരി എന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തന്നാലും; ഇല്ലെങ്കിൽ അതു നിങ്ങൾതന്നെ വച്ചുകൊള്ളുക.’ അപ്പോൾ അവർ എന്റെ കൂലിയായി മുപ്പതു ശേക്കൽ വെള്ളി തൂക്കിത്തന്നു. കർത്താവ് എന്നോട് അരുൾ ചെയ്തു: ‘അതു കുശവനുനേരെ എറിയൂ.’ ആ മുപ്പതു ശേക്കൽ വെള്ളി, അവർ എനിക്കു മതിച്ച നല്ലവില, ഞാനെടുത്തു കർത്താവിന്റെ ദേവാലയത്തിലെ കുശവനു നേരെ എറിഞ്ഞു.” എന്ന സഖറിയാ 11:12-13 ഭാഗമാണു ജെറമിയ എന്ന പേരിൽ മത്തായി തെറ്റായി ഉദ്ധരിച്ചിരിക്കുന്നത്. മത്തായിക്കു സംഭവിച്ച ഈ സുപ്രധാന പിഴവു ന്യായീകരിക്കാനായി പല ക്രിസ്തുമതപ്രചാരകരും ജെറമിയായുടെ പുസ്തകത്തിലെ മറ്റു പല ഭാഗങ്ങളും ഉദ്ധരിക്കാറുണ്ടെങ്കിലും ഇവയൊക്കെ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. പ്രവാചകർ അനാതോതിൽ ഒരു നിലം വാങ്ങിയത് ഉദ്ധരിക്കാറുണ്ട് (32: 6:9). പക്ഷേ, ഇതിനു വിലയായി നല്കിയതു 17 ശേക്കൽ വെള്ളിയാണ് ; മുപ്പതല്ല. ‘എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലൂ. അവിടെ എന്റെ അരുളപ്പാടു നിന്നെ ഞാൻ കേൾപ്പിക്കും’ (18:2); ‘ സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: അങ്ങനെ, ഒരിക്കലും കേടുപോക്കാനാവാത്തവിധം കുശവന്റെ പാത്രം ഉടയ്ക്കുന്നപോലെ, ഞാൻ ഈ ജനത്തെയും നഗരത്തെയും തകർക്കും’ (19:11) തുടങ്ങിയ വചനങ്ങളും തെളിവായി ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഇവയെല്ലാം സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി ഉപയോഗിച്ചവയാണെന്നും അവയ്ക്കു യൂദാസിന്റെ ‘ഒറ്റുമായി’ യാതൊരു ബന്ധവുമില്ലെന്നും പ്രസ്തുത ഭാഗങ്ങൾ വായിച്ചാൽ മനസ്സിലാകും. മത്തായി 27:5-7ൽ യൂദാസ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പു തനിക്കുകിട്ടിയ പ്രതിഫലം ദേവാലയത്തിലേക്കു എറിയുന്നതായും പുരോഹിതന്മാരതുപയോഗിച്ചു കുശവന്റെ പറമ്പു വാങ്ങിയതായും വിശദീകരിക്കുന്നുണ്ടെങ്കിലും അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങൾൾ 1:18-19 പണമുപയോഗിച്ചു പുരോഹിതന്മാരല്ല മറിച്ചു, യൂദാസ് തന്നെ പറമ്പു വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്.

ഈ പ്രവചനത്തിന്റെ മറ്റൊരു പ്രശ്നമെന്താണെന്നാൽ, സഖറിയായുടെ പുസ്തകത്തിന്റെ പുരാതന സിറിയൻ ബൈബിൾ കയ്യെഴുത്തുപ്രതികളിൽ 11:13 വാക്യത്തിൽ ‘കുശവൻ’ എന്ന പദം തന്നെയില്ല; മറിച്ചു ‘ഭണ്ഡാരം’ എന്ന പദമാണു കാണുന്നത്. പല ആധുനിക ബൈബിൾ തർജ്ജമകളും ‘ഭണ്ഡാരത്തിൽ നിക്ഷേപിക്കുക’ എന്ന കൂടുതൽ ശരിയായ വാക്യം നല്കുകയും ‘കുശവനെ എറിയുക’ എന്ന വാക്യം അടിക്കുറിപ്പായി രേഖപ്പെടുത്തുകയുമാണു ചെയ്യുന്നത് (4).കുരിശുമരണം സംബന്ധിച്ച പ്രവചനങ്ങൾ:- യേശുവിന്റെ രക്ഷാകരദൗത്യത്തിലെ സുപ്രധാന ഏടായ കുരിശാരോഹണത്തെ സംബന്ധിച്ചു നിരവധി ദീർഘദർശനങ്ങൾ പഴയനിയമഗ്രന്ഥങ്ങളിലുണ്ടെന്നു സുവിശേഷപ്രചാരകർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യേശു കുരിശിലേറ്റപ്പെടുമെന്നും; അവന്റെ വസ്ത്രങ്ങൾ ചീട്ടിട്ടു വീതംവയ്ക്കുമെന്നും; മീറയോ കയ്പോ കലർത്തിയ വീഞ്ഞ് അവനു കുടിക്കാൻ നല്കുമെന്നും; തന്നെ പിതാവായ ദൈവം കൈവെടിഞ്ഞതിനെയോർത്ത് അവൻ നിലവിളിക്കുമെന്നും; അവന്റെ അസ്ഥികൾ ഒടിക്കാതെ സംരക്ഷിക്കുമെന്നുമൊക്കെ പ്രസ്തുത ഭാവിദർശനങ്ങൾ അവകാശപ്പെടുന്നു. സങ്കീർത്തനം 22:16-17, സഖറിയ 12:10, 13:6 എന്നീ ഭാഗങ്ങൾ കുരിശാരോഹണത്തെ സംബന്ധിച്ച പ്രവചനങ്ങൾക്ക് ഉദാഹരണങ്ങളായി സൂചിപ്പിക്കാറുണ്ട്. “അതേ, നായ്ക്കളെനിക്കു ചുറ്റുമുണ്ട്; ദുഷ്ടസംഘം എന്നെ വളയുന്നു; അവരെന്റെ കൈകാലുകൾ തുളച്ചിരിക്കുന്നു; എന്റെ അസ്ഥികളെല്ലാം എനിക്കെണ്ണാം; അവർ എന്നെ തുറിച്ചുനോക്കി, അഹങ്കരിച്ചു രസിക്കുന്നു” എന്ന സങ്കീർത്തനം 22:16-17 ഭാഗം യഥാർത്ഥത്തിൽ കുരിരുമരണത്തെക്കുറിച്ചുള്ള ഭാവിദർനത്തിലുപരി സംസാരിക്കുന്ന വ്യക്തി വേട്ടയാടപ്പെട്ടു കൊല്ലപ്പെടുന്നതിനെ കുറിച്ചാണെന്നു പറയാം.

യോഹന്നാൻ 19:37 സൂചിപ്പിക്കുന്ന “തങ്ങൾ കുത്തിമുറിച്ചവനെ അവർ നോക്കും” എന്ന വചനം “തന്മൂലം തങ്ങൾ കുത്തിത്തുളച്ചവനെ നോക്കുമ്പോൾ അവർ, ഏകശിശുവിനെപ്രതി വിലപിക്കുന്നതുപോലെ, അയാളെപ്രതി വിലപിക്കും; ആദ്യ ജാതനെപ്രതി കരയുന്നതുപോലെ അയാളെപ്രതി പൊട്ടിക്കരയും” എന്ന സഖറിയാ 12:10 പ്രവചനത്തിന്റെ പൂർത്തീകരണമാണെന്ന് അവകാശപ്പടുന്നു. ഇതു, കുരിശുമരണത്തെക്കുറിച്ചായാണു ക്രൈസ്തവർ ദർശിക്കുന്നതെങ്കിലും യഹൂദരിതിനെ ഇസ്രയേലിനെതിരായ ആക്രമണമായാണു കാണുന്നത്. കുരിശുമരണത്തെ സംബന്ധിച്ച പ്രവചനമാണെന്ന് അവകാശപ്പെടുന്ന സഖറിയ 13:6 “നിന്റെ കൈകൾക്കിടയിൽ കാണുന്ന മുറിവുകളെ” കുറിച്ചു പറയുന്നുണ്ട്. സഖറിയ 13::5 ൽ നിന്നു മനസ്സിലാകുന്നതു പ്രസ്തുത വ്യക്തി പ്രവാചകനല്ലെന്നും അടിമയായി വില്ക്കപ്പെട്ടിരുന്നു എന്നുമാണ്. കത്തോലിക്കാ വിശ്വാസികൾ ഉപയോഗിക്കുന്ന പിഒസി ബൈബിളിൽ സഖറിയ 13:5 ൽ അടിമത്തത്തെക്കുറിച്ചു കൃത്യമായ സൂചനയില്ലെങ്കിലും പെന്തക്കോസ്തുവിഭാഗങ്ങളുടെ സത്യവേദപുസ്തകത്തിൽ “ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലക്കു മേടിച്ചിരിക്കുന്നു എന്ന് അവൻ പറയും” എന്നു വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ഭാഗങ്ങളിൽ പറയുന്നതരം മുറിവുകൾ കുരിശുമരണസമയത്തുണ്ടാകില്ല. മാത്രവുമല്ല, യേശു അടിമയാക്കപ്പെടുകയോ സ്വയം പ്രവാചകനല്ലെന്ന് അവകാശപ്പെടുകയോ ചെയ്തിട്ടില്ല.

യേശുവിന്റെ കുരിശുമരണം സംബന്ധിച്ച മറ്റൊരു പ്രധാന പ്രവചനമെന്നവകാശപ്പെടുന്നത് “എന്റെ വസ്ത്രങ്ങൾ അവർ പങ്കിടുന്നു; എന്റെ അങ്കിക്കുവേണ്ടി അവർ നറുക്കിടുന്നു” എന്ന സങ്കീർത്തനം 22:18 ഭാഗമാണ്. യേശുവിന്റെ വസ്ത്രത്തിനായി നറുക്കിട്ട സംഭവം സുവിശേഷകരെല്ലാം പരാമർശിക്കുന്നുണ്ടെങ്കിലും യോഹന്നാൻ (19:23-24) മാത്രമാണ് അതു തിരുവെഴുത്തിന്റെ പൂർത്തീകരണമാണെന്ന അവകാശവാദം ഉന്നയിക്കുന്നത്. മാത്രമല്ല, യോഹന്നാൻ വസ്ത്രങ്ങൾ ഭാഗിച്ചെടുത്തതും അങ്കിക്കായി കുറിയിട്ടതും രണ്ടു സംഗതികളായി രേഖപ്പെടുത്തിയിരിക്കുമ്പോൾ ലൂക്കാ (23:34), മർക്കോസ് (15:24), മത്തായി (27:35) സുവിശേഷകർ അത് ഒറ്റസംഭവമായാണു വിവരിക്കുന്നത്. കൂടാതെ, മിശിഹായെ കുറിച്ചെന്നവകാശപ്പെടുന്ന മേൽ സൂചിപ്പിച്ച സങ്കീർത്തനഭാഗം വായിച്ചാൽ അദ്ദേഹവുമായി അതിനു യാതൊരു ബന്ധവുമില്ലെന്നും മനസ്സിലാകും.“ആഹാരമായി എനിക്ക് അവർ വിഷം തന്നു; ദാഹത്തിനു കുടിക്കാൻ എനിക്ക് അവർ വിനാഗിരി തന്നു” എന്ന സങ്കീർത്തനം 69:21 ഭാഗം മറ്റൊരു ഭാവിദർശനമാണെന്നു സുവിശേഷപ്രസംഗകർ അവകാശപ്പെടുന്നുണ്ട്. മത്തായി 27:34 ൽ പടയാളികൾ യേശുവിനു “കൈപ്പു ചേർത്ത വീഞ്ഞു കുടിക്കാൻ കൊടുത്തു” എന്നു പറയുമ്പോൾ മർക്കോസ് 15:23 സൂചിപ്പിക്കുന്നതു “അവർ അവിടെ മീറാ കലർത്തിയ വീഞ്ഞ് അവന്നു കൊടുത്തു” എന്നാണ്. സങ്കീർത്തനം 69:21ൽ വിഷമെന്നു തർജ്ജമ ചെയ്തിരിക്കുന്ന ഹീബ്രു പദം ‘റോഷ് ( rosh)’ എന്നതാണ്. പ്രസ്തുത പദത്തിനു വിഷം, കൈപ്പ് എന്നൊക്കെയാണ് അർത്ഥം. ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നതു വിഷച്ചെടിയുമായി ബന്ധപ്പെടുത്തി യാണ് എന്നാണു പണ്ഡിതർ പറയുന്നത്. അങ്ങനെയെങ്കിൽ, കുരിശാരോഹണവിവരണങ്ങളിൽ ഒരിടത്തും വിഷം കലർന്ന ഭക്ഷണം യേശുവിനു നല്കുന്നതായി സൂചിപ്പിക്കുന്നില്ല. മാത്രവുമല്ല, മർക്കോസ് സൂചിപ്പിക്കുന്ന മീറയുടെ (ഹീബ്രുവിൽ ‘mor’) കാര്യം സങ്കീർത്തന ഭാഗത്തു കാണുന്നുമില്ല. അറുപത്തിഒമ്പതാം സങ്കീർത്തനം വായിച്ചാൽ അതിനു മിശിഹായുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ചു വെള്ളപ്പൊക്കം പോലുള്ള കാര്യങ്ങളാണു വിവരിക്കുന്നതെന്നുമാണു മനസ്സിലാകുന്നത്.

യേശുവിന്റെ കുരിശാരോഹണത്തിലെ മറ്റൊരു പ്രധാനസംഭവം അദ്ദേഹത്തിന്റെ അവസാന വാക്കുകൾ സംബന്ധിച്ചാണ്. സങ്കീർത്തനം 22:1ൽ പറയുന്ന “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്താണ് എന്നെ കൈവിട്ടത്?” എന്നതാണ് യേശുവിന്റ അവസാന വാക്കുകൾ എന്നാണു മത്തായി 27:46ഉം മർക്കോസ് 15:34ഉം വിവരിക്കുന്നത്. ലൂക്കാ 23:46 പറയുന്നത് “പിതാവേ, നിന്റെ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നതാണ് അവസാനവാക്കുകൾ എന്നാണെങ്കിൽ യോഹന്നാൻ 19:30 പറയുന്നതു “എല്ലാം പൂർത്തിയായി” എന്നാണ്. ഇതിൽ, മത്തായിയും മർക്കോസും വിവരിക്കുന്ന സങ്കീർത്തനവാക്യങ്ങൾ മാത്രമാണു മിശിഹാപ്രവചനമെന്ന് അവകാശപ്പെടുന്നത്. സങ്കീർത്തനം 22 വായിക്കുമ്പോൾ മനസ്സിലാകുന്നത് ഇതിനു രക്ഷകനുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ജീവിത ദുരിതങ്ങളിൽ ദൈവത്തിലാശ്രയിക്കുകയും കേണപേക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയുടെ ചിത്രമാണിവിടെ കാണുന്നത്.

മാനവരാശിയുടെ രക്ഷയ്ക്കായി പിതാവായ ദൈവം പുത്രനിലൂടെ നടപ്പാക്കിയ രക്ഷാകരദൗത്യത്തെക്കുറിച്ചു വ്യക്തമായ മുന്നറിവുണ്ടായിരുന്നിട്ടും യേശു തന്നെ കൈവിട്ടതെന്തിനെന്നു ദൈവത്തോടുതന്നെ ചോദിച്ചത് എന്തിനെന്നതൊരു പ്രധാന ചോദ്യമാണ്. ഇക്കാര്യം യേശുവിന്റെ മനുഷ്യസ്വഭാവമാണു കാണിക്കുന്നത് എന്ന വ്യാഖ്യാനമുണ്ട്. എങ്കിലും, ക്രിസ്തുമതദൈവശാസ്ത്രത്തിലെ സുപ്രധാന പ്രശ്നമാണിത്.യേശുവിന്റെ കുരിശാരോഹണത്തെ സംബന്ധിച്ച മറ്റൊരു പ്രധാനപ്രവചനം അദ്ദേഹത്തിന്റെ അസ്ഥികൾ തകർക്കപ്പെടുകയില്ല എന്നതാണ്. തന്നോടൊപ്പം കുരിശിലേറ്റപ്പെട്ടവരുടെ മരണം ഉറപ്പാക്കാനായി കാലുകൾ പടയാളികൾ തകർത്തെങ്കിലും യേശു നേരത്തേ മരിച്ചിരുന്നതിനാൽ അദ്ദേഹത്തെ ഒഴിവാക്കി. യോഹന്നാൻ (19:32-36) സുവിശേഷകൻ മാത്രം വിവരിക്കുന്ന ഈ സംഭവം മിശിഹാ ദീർഘദർശനമാണെന്നാണ് അവകാശപ്പെടുന്നത്. “അവൻ അയാളുടെ അസ്ഥികളെല്ലാം സംരക്ഷിക്കുന്നു; അവയിൽ ഒന്നുപോലും തകർന്നിട്ടില്ല” എന്ന സങ്കീർത്തനം 34:20 ഭാഗമാണദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ, ഈ സങ്കീർത്തനം വായിച്ചാൽ മനസ്സിലാകുന്നതു പ്രവചനങ്ങളുമായോ മിശിഹായുടെ കുരിശുമരണവുമായോ ഇതിനു യാതൊരു ബന്ധവുമില്ലെന്നും മറിച്ചു, കർത്താവിന്റെ സംരക്ഷണത്തെക്കുറിച്ചു പൊതുവായി വിശദീകരിക്കുന്നതാണ് ഇതെന്നുമാണ്. യോഹന്നാൻ 1:29ൽ യേശുവിനെ “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന കുഞ്ഞാട്” എന്നും 1:37ൽ “ദൈവത്തിന്റെ കുഞ്ഞാടെ”ന്നും സംബോധന ചെയ്യുന്നു. ലോകത്തിന്റെ പാപങ്ങൾക്കു പകരമായുള്ള ബലിയായി പ്രത്യേകിച്ചു പെസഹാക്കുഞ്ഞാടായി യേശുവിനെ അദ്ദേഹം കാണുന്നു. പുറപ്പാട് 12:46, സംഖ്യ 9:12 എന്നീ ഭാഗങ്ങൾ പറയുന്നതു പെസഹാക്കുഞ്ഞാടിന്റെ അസ്ഥികൾ ഒടിക്കപ്പെടരുതെന്നാണ്. യേശുവിനെ പെസഹാക്കുഞ്ഞാടുമായി നടത്തുന്ന താരതമ്യം പല കാരണങ്ങളാലും യോജിക്കുന്നതല്ല. ഒന്നാമതു, പെസഹാക്കുഞ്ഞാടു പാപപരിഹാരാർത്ഥമുള്ള ബലിയല്ല. മാത്രവുമല്ല, പെസഹാകുഞ്ഞാടിനു മുറിവോ മറ്റു ന്യൂനതകളോ പാടില്ല (ലേവ്യർ 22:20-25). എന്നാൽ, യേശുവിനു മുറിവേല്കുകയും ചമ്മട്ടികൊണ്ട് അടിയേല്കുകയും (യോഹ. 19:1) ചെയ്തിരുന്നു.

ഉയിർപ്പും സ്വർഗ്ഗാരോഹണവും സംബന്ധിച്ച പ്രവചനങ്ങൾ:- “നീ എന്നെ പാതാളത്തിൽ ഉപേക്ഷിക്കയില്ല; നിന്റെ ഭക്തൻ പടുകുഴി കാണാൻ നീ അനുവദിക്കില്ല” എന്ന സങ്കീർത്തനം 16:10 ഭാഗം യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള ദീർഘദർശനമാണെന്ന് അവകാശവാദമുണ്ട്. പ്രസ്തുതഖണ്ഡം മിശിഹായുടെ ഉയിർപ്പു സംബന്ധിച്ച ഭാവിദർനമാണെന്ന സൂചന നല്കുംവിധം പത്രോസ്, അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിൽ ഉദ്ധരിക്കുന്നുണ്ട് (2:23-29). കൂടാതെ, 2:31ൽ ദാവീദ് യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. പക്ഷേ, സങ്കീർത്തനം 16 വായിക്കുന്ന ആർക്കും അതു മിശിഹായുടെ ഉയിർപ്പിനെപ്പറ്റി സൂചന നല്കുന്ന ഭാഗമോ; ഒരു ദീർഘദർശനം പോലുമോ ആയിരുന്നില്ലെന്നും മറിച്ചു, യഹോവയിൽ ആശ്രയിക്കുന്നവനെ സംബന്ധിച്ചതാണെന്നും മനസ്സിലാകും. യേശുവിന്റെ ഉയിർപ്പിനെക്കുറിക്കുന്ന മറ്റൊരു പ്രവചനമെന്നവകാശപ്പെടുന്നതു സങ്കീർത്തനം 118:17-18 ഭാഗമാണ്. “ഞാൻ മരിക്കില്ല, ഞാൻ ജീവിക്കും; കർത്താവിന്റെ പ്രവൃത്തികൾ ഞാൻ വിവരിക്കും. കർത്താവ് എനിക്കു കഠിനമായ ശിക്ഷണം നല്കി; എന്നാൽ, അവൻ എന്നെ മരണത്തിനു വിട്ടുകൊടുത്തില്ല” എന്ന പ്രസ്തുത ശകലം യഥാർത്ഥത്തിൽ ശത്രുക്കളിൽ നിന്നു സംരക്ഷണത്തിനായി കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുന്നു രക്ഷിക്കുന്നതിനെ കുറിച്ചാണ്. തന്റെ ഉയിർപ്പിനെ സംബന്ധിക്കുന്ന മറ്റൊരു ഭാവിദർനമായി യേശു തന്നെ മത്തായി 12:39-40ൽ സൂചിപ്പിക്കുന്ന “യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോന മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തിൽ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും” എന്ന ബൈബിൾ ഭാഗമാണ്. സുവിശേഷങ്ങളിൽ നിന്നു മനസ്സിലാകുന്നതു യേശുവിനെ വെള്ളിയാഴ്ച വൈകിട്ടു കല്ലറയിലടക്കിയെന്നും ശനിയാഴ്ച രാത്രിയോ ഞായറാഴ്ച അതിരാവിലെയോ ഉയിർത്തുവെന്നുമാണ്. അങ്ങനെയെങ്കിൽ, യേശുവിന്റെ മൃതദേഹം മൂന്നു രാവും മൂന്നു പകലും കല്ലറയിൽ സൂക്ഷിക്കപ്പെട്ടില്ല. മിശിഹാ എന്നുപറയുന്ന യേശു തന്നെക്കുറിച്ചു നടത്തിയ പ്രവചനംതന്നെ തെറ്റുന്നതാണിവിടെ കാണുന്നത്. ഈ വൈരുദ്ധ്യം പരിഹരിക്കാൻ ബൈബിൾ പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും നല്കിയിട്ടുണ്ട്. ഭൂരിഭാഗം ക്രിസ്തുമത വിശ്വാസികളും വെള്ളിയാഴ്ചയാണ് യേശു ക്രൂശിതനായതെന്നാണു വിശ്വസിക്കുന്നത്. അവർ വിശദീകരിക്കുന്നതു യഹൂദർ ഭാഗികദിനത്തെ പൂർണ്ണദിനമായി കണക്കാക്കാറുണ്ടെന്നാണ്. അങ്ങനെയെങ്കിൽ, യേശു മൂന്നാം നാൾ ഉയിർത്തുവെന്നു കരുതാമെന്നും അവർ വാദിക്കുന്നു. എന്നാൽ, മേൽ സൂചിത പ്രശ്നം പരിഹരിക്കാൻ വ്യാഴാഴ്ചയും ബുധനാഴ്ചയുമൊക്കെ യേശുവിനെ ക്രൂശിലേറ്റിയെന്ന സിദ്ധാന്തം പിന്തുടരുന്നവരുമുണ്ട് (5, 6). എന്തായാലും, ദൈവരാജ്യസമൂഹമായ ക്രൈസ്തവസഭയിൽ ശൈഥില്യത്തിനും കലഹത്തിനുമൊക്കെ വഴിവയ്ക്കും വിധം, ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ മർമ്മമായ കുരിശാരോഹണം, ഉത്ഥാനം എന്നീ ‘സംഭവങ്ങളെ’പ്പോലും വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെടാൻ യേശുമിശിഹാ ഇടയാക്കി. ഇതു ‘സമാധാനരാജാവായ’ അദ്ദേഹത്തിന്റെ രക്ഷാകരദൗത്യത്തെ സംശയനിഴലിലാക്കുന്നുണ്ട്.യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ സംബന്ധിക്കുന്നതെന്നവകാശപ്പെടുന്ന മറ്റൊരു ഖണ്ഡം “നീ എന്റെ വലതുഭാഗത്ത് ഇരിക്കുക” എന്ന സങ്കീർത്തനഭാഗമാണ് (110:1). ഈ സങ്കീർത്തനം യഥാർത്ഥത്തിൽ രാജാവിനു സംരക്ഷണമേകുന്ന കർത്താവിന്റെ ചിത്രമാണു നല്കുന്നത്. ഇതിനു മിശിഹായുടെ സ്വർഗ്ഗാരോഹണവുമായി യാതൊരു ബന്ധവുമില്ല. വസ്തുത ഇതാണെങ്കിലും, അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിൽ (7:56) “ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു സ്തേഫാനോസ് പറയുന്നതായി വിവരിച്ചിരിക്കുകയാണ്. ‘വലതുഭാഗത്തിരിക്കുക’ എന്ന വാചകത്തിന്റെ സാമ്യതയല്ലാതെ യാതൊന്നും ഇവിടെയില്ല.

മിശിഹായെ സംബന്ധിച്ച പ്രവചനങ്ങൾ പഠിച്ചാൽ അവയൊന്നുംതന്നെ അദ്ദേഹത്തെ കുറിച്ചായിരുന്നില്ലെന്നു മനസ്സിലാക്കാം. പലതും ഒരു ദീർഘദർശനം പോലുമായിരുന്നില്ല. ഭാവിദർശനങ്ങളെന്ന് അവകാശപ്പെടുന്ന പല ഭാഗങ്ങളും വളരെ അവ്യക്തമാണ്. മാത്രമല്ല, ബൈബിളിൽ വിശദീകരിക്കുന്ന മിശിഹായുടെ ‘ജീവചരിത്രം’ പരിഗണിച്ചാൽ പ്രവചനങ്ങൾ നിവൃത്തിയാകാത്തതോ അല്ലെങ്കിൽ വൈരുദ്ധ്യങ്ങളുള്ളതോ ആണ്. കൂടാതെ, പഴയനിയമ ഗ്രന്ഥങ്ങളുടെ നൂറ്റാണ്ടുകളായുള്ള കസ്റ്റോഡിയന്മാരായിരുന്ന യഹൂദപണ്ഡിതർ പ്രസ്തുത ദീർഘദർശനങ്ങളൊന്നും യേശുവിനെ സംബന്ധിച്ചാണെന്ന് അംഗീകരിച്ചിരുന്നുമില്ല. രക്ഷകന്റെ ജീവിതത്തിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളും പഴയനിയമത്തിലെ കാര്യങ്ങളും തമ്മിലുള്ള ചില ഉപരിപ്ലാവമായ സാമാനതകൾ ആധാരമാക്കി പുതിയനിയമ രചയിതാക്കൾ തിരഞ്ഞെടുക്കുകയായിരുന്നു. യഥാർത്ഥത്തിൽ, തങ്ങളുടെ രചനയ്ക്ക് ആധികാരികത വരുത്തുന്നതിനായി ചില പഴയനിയമഗ്രന്ഥഭാഗങ്ങൾ ദീർഘദർശനങ്ങൾ എന്നവകാശപ്പെട്ടു പ്രയോജനപ്പെടുത്തുകയെന്ന തന്ത്രം പ്രയോഗിക്കുകയായിരുന്നു അവർ. ഈ സാമർത്ഥ്യം അവർ പ്രകടിപ്പിച്ചതോടെ യഹൂദമതഗ്രന്ഥങ്ങൾക്ക് അവയുടെ രചനാകാലത്തു രാഷ്ട്രീയവും സാമൂഹികവും മതപരവുമായി ഉണ്ടായിരുന്ന അർത്ഥതലങ്ങൾക്ക് ഉപരി സവിശേഷമായ നിഗൂഢാർത്ഥങ്ങൾ രൂപപ്പെട്ടു.

ജനാധിപത്യത്തിന്റെ നിത്യശത്രുവാണു നിഗൂഢത. ഒരു തുറന്നസമൂഹത്തിൽ ദേശരക്ഷ പോലുള്ള വളരെ ചുരുക്കം മേഖലകളൊഴിച്ചു രഹസ്യാത്മകത അംഗീകരിക്കുന്നില്ല. സാമൂഹികജനാധിപത്യത്തിന്റെ വികാസത്തിനു ഗൂഢത എതിരുമാണ്. ഗോപ്യമായ ആശയങ്ങളും ഗൂഢമായ പ്രവൃത്തികളും സമൂഹത്തിനൊരു ബാധ്യതയാണ്. ക്രിസ്തുമതദൈവശാസ്ത്രത്തിനു നല്കപ്പെട്ട നിഗൂഢാർത്ഥങ്ങൾ അനേകം മനുഷ്യരുടെ ജീവനെടുത്തിട്ടുണ്ട് (7). ഈ വസ്തുത ക്രൈസ്തവമതത്തിന്റെ ചരിത്രത്തിൽ രക്തംകൊണ്ടു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സമാധാനരാജാവായി ഭൂമിയിലവതരിച്ച യേശുവിന്റെ അനുചരർക്കു സംഭവിച്ച ഈ ദുര്യോഗം ഇന്നത്ത മാനവരാശിക്ക് ആകമാനം മുന്നറിയിപ്പു നല്കുന്നുണ്ട്. ഈ താക്കീത് മനസ്സിലാക്കി, സുതാര്യമായ സാമൂഹികക്കൂട്ടായ്മകൾ വികസിപ്പിച്ചു ‘മിശിഹാ’യ്ക്കു സാധിക്കാതിരുന്നൊരു സമാധാനയുഗം സൃഷ്ടിക്കാൻ ഈ ലോകത്തിനാകട്ടെ.

റെഫ്റൻസ്:
1.https://www.compellingtruth.org/Immanuel-Jesus.html
2.https://www.bibleinfo.com/en/questions/70-week-prophecy-daniel
3.https://infidels.org/library/modern/jim-lippard-fabulous-prophecies/
(കടപ്പാട്:- ഈ കുറിപ്പു തയ്യാറാക്കുന്നതിൽ ജിം ലെപ്പേഡിന്റെ മേൽ സൂചിപ്പിച്ച ലേഖനം സഹായകരമായിട്ടുണ്ട്)
4.https://www.biblestudytools.com/zechariah/11-13.html
5.https://reasonsforhopejesus.com/crucified/
6.https://archive.org/details/OdomR.L.TheWednesdayCrucifixionTheory1965
7.https://www.cambridge.org/core/books/cambridge-world-history-of-violence/christian-violence-against-heretics-jews-and-muslims/2D75D3A860B9F134807826D12EB5FA76