Fri. Mar 29th, 2024

പ്രശസ്ത ശബ്ദലേഖകൻ റസൂൽ പൂക്കുട്ടി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. ഒറ്റ എന്നു പേരിട്ട ചിത്രത്തിൽ ആസിഫ് അലിയും അർജുൻ അശോകനും നായകന്മാർ. സത്യരാജ്, ശോഭന, രോഹിണി, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏപ്രിൽ 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പഴയകാല നായിക ജലജയുടെ മകൾ ദേവിയും റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ എസ്. ഹരിഹരന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

മുമ്പ് ദ സൗണ്ട് സ്റ്റോറി എന്ന ഡോക്യുമെന്ററിയിലൂടെ റസൂൽ പൂക്കുട്ടി അഭിനയരംഗത്തേക്കും സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. തൃശൂർ പൂരം തത്സമയ റെക്കോർഡിംഗ് എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ തൃശൂരിൽ വരുന്ന ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനറുടെ വേഷമാണ് അവതരിപ്പിച്ചത്. സംവിധായകൻ പ്രസാദ് പ്രഭാകറിനൊപ്പമാണ് ചിത്രം സംവിധാനം ചെയ്തത്.

ഫിനിഷ് സംഗീതജ്ഞൻ ട്യോമസ് കണ്ടേലിലെൻ ഒറ്റയുടെ ഭാഗമാകുന്നുണ്ട്. മുംബെയ്‌യിലെ പ്രശസ്തമായ സമറ്റോൾ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്. ഹരിഹരന്റെ ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.പിയും, റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും സംയുക്തമായാണ് നിർമ്മാണം.

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം ഒരുക്കുന്നു. ഛായാഗ്രഹണം അരുൺ വർമ്മ, പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽ ബാബു, എഡിറ്റർ: സിയാൻ ശ്രീകാന്ത്, അരോമ മോഹനാണ് പ്രൊഡക്‌ഷൻ കൺട്രോളർ. പി.ആർ.ഒ : മഞ്ജു ഗോപിനാഥ്.

BEST SELLERS