പാലക്കാട് മുതലമടയിൽ ആദിവാസി തയ്യൽ പരിശീലനത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തിയ അപ്സര ഇൻസ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണുപ്രിയ തിരുവനന്തപുരത്തും നടത്തിയ സമാന തട്ടിപ്പിന്റെ അന്വേഷണത്തിലുള്ള പട്ടികവർഗ ഡയറക്ടറേറ്റിന്റെ റിപ്പോർട്ടും പുറത്ത്. ആദിവാസികളെയും സർക്കാരിനെയും കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ ഇന്നലെയാണ് വിഷ്ണുപ്രിയ അറസ്റ്റിലായത്.
ആറുമാസം മുമ്പ് തന്നെ റിപ്പോർട്ട് തയ്യാറാക്കിയതാണ്. എന്നാൽ ഇത്രയും നാൾ ഇത് പൂഴ്ത്തി വയ്ക്കുകയായിരുന്നു. ഇന്നലെ വിഷ്ണുപ്രിയ പൊലീസ് കസ്റ്റഡിയിലായതോടു കൂടിയാണ് റിപ്പോർട്ട് പുറത്തെത്തിയത്. തുരുമ്പെടുത്തതും ഷോക്കടിക്കുന്നതുമായ തയ്യൽ മെഷീനുകളാണ് നൽകിയതെന്ന് പട്ടികവർഗ ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ആദിവാസി വനിതകൾ പൊലീസിലും വിജിലൻസിലും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ആദിവാസി വനിതകളെയും വിഷ്ണുപ്രിയയേയും കഴിഞ്ഞ നവംബർ 12 ന് ഹിയറിംഗ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തയ്യൽ പരിശീലനത്തിന് അദ്ധ്യാപകർ ഉണ്ടായിരുന്നില്ല. പത്ത് തയ്യൽ മെഷീനുകൾ നൽകിയെങ്കിലും രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളു. ടൂൾ കിറ്റ് നൽകിയില്ല. അഞ്ഞൂറ് രൂപ വിലയുള്ള സ്റ്റഡി മെറ്റീരീയലിന് പകരം 200 പേജുള്ള നോട്ട്ബുക്കാണ് കൊടുത്തത്. അപ്സര ഇൻസ്റ്റിറ്റിയൂട്ടിന് നൽകിയ പണം തിരികെ പിടിക്കണം എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. അന്വേഷണം നടക്കുന്നു എന്നാണ് ഇതുവരെ പട്ടികവർഗ ഡയറക്ടറിന്റെ നിലപാട്.