Tue. Apr 16th, 2024

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ സ:ഇ.കെ.നായനാർ നഗർ വേദിയായപ്പോൾ അതോടൊപ്പം സഖാവ് ഇ.കെ.നായനാർ രചിച്ച വിപ്ലവ ഗീതത്തിന് സംഗീത – ദൃശ്യാവിഷ്കാരത്തിൻറെ ഓഡിയോ ലോഞ്ചിംഗ് നടന്നു.1937 ൽ പ്രസിദ്ധീകരിക്കപ്പെട്ട ആഹവധ്വനി എന്ന ഈ കവിതയിലെ ആശയങ്ങൾ എക്കാലത്തെയും സമൂഹത്തിൽ പ്രസക്തമായവയാണ്. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സ:സി.എച്ച്.കണാരൻ നഗറിൽ നടന്ന സാംസ്കാരിക സെമിനാറിൽ വെച്ച് ആയിരുന്നു ഓഡിയോ ലോഞ്ചിംഗ്.

സി.പി.ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം സ:എം.എ.ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുകേഷ് എം.എൽ.എ. CPIM ജില്ല സെക്രട്ടറി സ:എം.വി.ജയരാജന് കൈമാറി പ്രകാശനം ചെയ്തു. വിശ്വകവി കെ.സച്ചിദാനന്ദൻ, സ:ടി.വി.രാജേഷ്, പ്രഭാവർമ്മ, സു. വെങ്കിടേശൻ എം.പി, അശോകൻ ചരുവിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം അഡ്വ.അംബരീഷ് വൈക്കം ആണ് സംഗീത സംവിധാനവും ആവിഷ്കാരവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും ആയ സിദ്ധാർത്ഥ് ശിവയാണ് ദൃശ്യാവിഷ്കാരത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

ആസാദി, എത്രയെത്ര മതിലുകൾ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ പുഷ്പവതി, നജീം അർഷാദ്, റിയ മിശ്ര , ശ്രീകാന്ത് തുടങ്ങിയ ഗായകർ ആലപിച്ച ഗാനത്തിൽ പ്രശസ്ത വിപ്ലവ ഗായിക പി.കെ.മേദിനിയുടെ ശബ്ദസാന്നിധ്യവും ഉണ്ട്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് രാംനാഥ് മുംബൈ ആണ്. ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ്.

തമിൾ, കന്നട, തെലുങ്ക്, ഹിന്ദി, പഞ്ചാബി, ബംഗാളി,മറാത്തി, ഭോജ്പുരി, കാശ്മീരി തുടങ്ങിയ ഇൻഡ്യൻ ഭാഷകളിലേക്കും , ഇംഗ്ലീഷ് , ലാറ്റിൻ , ഫ്രഞ്ച്, സ്പാനിഷ് , ജർമ്മൻ , ചൈനീസ് , അറബിക് , സിംഹള തുടങ്ങിയ ലോകഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നതാണ്. അതുവഴി മഹാനായ മനുഷ്യസ്നേഹി രചിച്ച മലയാള വിപ്ലവഗാനം സാർവ്വദേശീയ ഗീതങ്ങളുടെ ശ്രേണിയിലേക്ക് ഉയരുകയാണ്.

BEST SELLERS