സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന് പ്രശന്ങ്ങള്‍ പരിഹരിക്കാനായി രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘സ്ത്രീപക്ഷ’മെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രണ്ടര വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തുന്ന വിവാദങ്ങളുടെ ട്രാപ്പില്‍ വീഴരുതെന്ന് വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാനോ അതിന്മേല് നടപടി സ്വീകരിക്കാനോ ‘സ്ത്രീപക്ഷ’മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രണ്ടര വര്‍ഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പില്‍ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.’ അദ്ദേഹം കുറിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘ഞങ്ങൾ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തരപ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിൽ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടിയാണത്. നിർമാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെൽ ഉണ്ടായിരിക്കും. അതിന് നിമിത്തമായതിൽ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്’, എന്നായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചിരുന്നു.
സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മ്മാണത്തിനുള്ള കരട് രേഖ തയ്യാറായതായി മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നും, സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.