തൃശ്ശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ മൂന്ന് പേര് അറസ്റ്റിലായി.
സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയുടെയും അറസ്റ്റ്.
കഴിഞ്ഞ മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന് സാബുവിന്റെ മൊഴി. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരന് സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചപ്പോളാണ് സഹോദരന് സാബുവിന്റെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മദൃപ്പിച്ചെത്തുന്ന ബാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സഹികെട്ട് ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാബു മൊഴി നല്കി. ശേഷം മൃതദേഹം വീടിന്റെ 300 മീറ്റര്‍ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്നും വെളിപ്പെടുത്തി.