Tue. Apr 23rd, 2024

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 820 കോടിയോളം വരുമാനം നേടി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.o യുടെ വരുമാനത്തെ മറികടന്നിരിക്കുകയാണ് ആര്‍ആര്‍ആര്‍. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആറാമതാണ് ആര്‍ആര്‍ആറിന്റെ നിലവിലെ സ്ഥാനം. ആമീര്‍ ഖാന്‍ നായകനായ ദംഗലാണ് ഈ പട്ടികയില്‍ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരെക്കുടാതെ ശ്രീയ ശരണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്തൊരുക്കിയ ചിത്രത്തിന്റെ കഥ കെ.വി വിജയേന്ദ്രപ്രസാദിന്റേതാണ്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെടയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം. സംഗീതം: എം.എം. കീരവാണി.