Thu. Mar 28th, 2024

വി ഡി സതീശനെതിരെ പരോക്ഷ പ്രതികരണവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പല വിഷയങ്ങളിലുമുള്ള എതിർപ്പ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു.

ഡി സി സി പ്രസിഡന്റെന്ന നിലയിൽ അറിയേണ്ട പല കാര്യങ്ങളും തന്നിലെത്തുന്നില്ല എന്നതിൽ നാട്ടകം സുരേഷ് അതൃപ്തനാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വി ഡി സതീശൻ പരിപാടികൾക്കായി ജില്ലയിൽ എത്തുന്നത് അറിയിക്കാറില്ല എന്നതിലും നാട്ടകം സുരേഷിന് പരിഭവമുണ്ട്.

യുഡിഎഫിന്റെ പരിപാടികൾ ജില്ലയിൽ നടക്കുമ്പോഴും സമയത്ത് മാത്രമാണ് അദ്ദേഹം കാര്യങ്ങൾ അറിയുന്നത്. കെപിസിസി അദ്ധ്യക്ഷൻ ജില്ലയിലെത്തിയപ്പോൾ പരിപാടികളിൽ നിന്ന് വിട്ട് നിന്നതിന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ഇതെന്താണെന്ന് പാർട്ടി വേദിയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ പത്രത്തിൽ പടമുണ്ടോയെന്ന് നോക്കി കുളിര് കോരുന്ന ആളല്ലെന്നും ഫോട്ടോ ഫ്ലക്‌സിലുണ്ടോയെന്ന് നോക്കുന്ന ആളല്ലെന്നും സുരേഷ് പറഞ്ഞു. നേതാക്കന്മാരുടെ പിന്നിൽ പോയി നിന്ന് ചാനലിൽ മുഖം കാണിക്കാൻ തന്നെ കിട്ടില്ലെന്നും സുരേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

BEST SELLERS