Fri. Mar 29th, 2024

സഭാ ഭൂമി ഇടപാട് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ കഴിയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ഉള്‍പ്പെട്ടകര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും.

കേസില്‍ പള്ളി വക സ്വത്തുകളില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം നടത്തരുതെന്നായിരുന്നു വാദം. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് കര്‍ദിനാള്‍ ആലഞ്ചേരി ഹര്‍ജിയില്‍ പറഞ്ഞത്. കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമി ആണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മരട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇത് മറച്ച് വച്ചാണ് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ പുതിയ ആറ് കേസുകള്‍ ഫയല്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

BEST SELLERS