Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച നേതാവാണ് ടി വി തോമസ് (1910 – 1977). കിടയറ്റ പാർലമെന്റേറിയനും ക്രാന്തദർശിയായ ഭരണാധികാരിയുമായിരുന്നു. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ നായകന്മാരിലൊരാളാണ്.

തൊഴിലാളികളെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളിൽ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കയർ, ട്രാൻസ്‌പോർട്ട്, ബോട്ട് ക്രൂ തുടങ്ങി നിരവധി മേഖലകളിലെ ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്നു. ട്രാൻസ്പോർട്ട്‌ തൊഴിലാളികളുടെ നേതാവായി ടി.വി.‌ ഉയർന്നുവന്ന നാളുകളിലാണ് ട്രാൻസ്പോർട്ട്‌ തൊഴിലാളികൾ നടത്തിയ സമരങ്ങൾ കേരളത്തിലെ തൊഴിലാളി സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടത്. 1954 ലെ ചരിത്ര പ്രസിദ്ധമായ ട്രാൻസ്‌പോർട്ട് സമരത്തിന്റെ സംഘാടകരിലൊരാൾ അദ്ദേഹമായിരുന്നു. മാറ്റിവച്ച വേതനമായി ബോണസ് അംഗീകരിപ്പിച്ചത് ടി.വി യുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഫലമായാണ്. 


1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലയുറപ്പിച്ചു.

ആലപ്പുഴ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു. ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലും ഉപരിപഠനം. 1930-ൽ ബി.എ. ബിരുദവും 1935-ൽ മദിരാശിയിൽ നിന്നും നിയമബിരുദവും എടുത്തു.

1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു.

കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു.1967 ലെ തെരഞ്ഞടുപ്പിൽ വിജയിച്ച് വ്യവസായ വകുപ്പ് മന്ത്രിയായി. 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായിരുന്നു.


ഇലക്‌ട്രോണിക് വ്യവസായത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ട് കെല്‍ട്രോൺ തുടങ്ങിയതടക്കം ഇന്നുള്ള മിക്ക പൊതുമേഖലാ വ്യവസായങ്ങള്‍ക്കും തുടക്കം കുറിച്ചത് ടി.വി വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ്. വാളയാർ സിമന്റ്സ്‌, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്സ്‌ , കേരള ടെക്സ്റ്റെയിൽ കോർപ്പറേഷനും തുണിമില്ലുകളും, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ഗ്ലാസ്സസ്, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ, ഓട്ടോ കാസ്റ്റ്, കശുവണ്ടി വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, കശുവണ്ടി കോർപ്പറേഷൻ, ടെൽക്ക് ഇവയെല്ലാം ടി.വി.യുടെ മറ്റ് സംഭാവനകൾ.

കണ്ണൂർ, കാസർകോട് ജില്ലകളിലെ ബീഡിത്തൊഴിലാളികൾ അനാഥരും തൊഴിൽഹരിതരുമായ സാഹചര്യമുണ്ടായപ്പോൾ അതിനെ ധീരമായി നേരിട്ട ടിവിയെ എങ്ങനെ തൊഴിലാളികൾ മറക്കും. ദിനേശ്‌ ബീഡി സഹകരണ പ്രസ്ഥാനത്തിന്‌ കൂടി രൂപംകൊടുക്കാൻ കഴിഞ്ഞത്‌ ടിവിയെന്ന ഭരണാധികാരിയുടെ കഴിവിനോടൊപ്പം, ആത്മാർഥത നിറഞ്ഞ ഒരു തൊഴിലാളി നേതാവിന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ്‌.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ കുറിച്ച് ഇന്ന് നാം ചർച്ച ചെയ്യുമ്പോൾ നാളെയുടെ മറ്റങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ട് വർഷങ്ങൾക്ക് മുൻപ് കെൽട്രോണിന് അദ്ദേഹം രൂപം നൽകിയെന്ന വസ്തുത അത്ഭുതമായി നിലനിൽക്കുന്നു. 1973 ൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ആർക്കും വളരെ കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല. അന്നാണ് വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസ്സ് കെൽട്രോൺ എന്ന സ്ഥാപനത്തിന് രൂപം നൽകിയത്.കുറഞ്ഞ ചെലവിൽ ടെലിവിഷൻ നിർമ്മാണം മാത്രമല്ല ഐ.എസ്.ആർ.ഒ. പ്രതിരോധ വകുപ്പ് എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് വരെ കെൽട്രോൺ കടന്ന് കയറി.ഇലക്ടോണിക് ഉൽപ്പന്നങ്ങളുടെ രാജാവായ ജപ്പാൻ പോലും കെൽട്രോണിന് മുന്നിൽ മുട്ടുമടക്കിയ ചരിത്രവുമുണ്ട്.


ഒരു കാലത്ത് ഏഷ്യയിലെ നമ്പർ വൺ കപ്പാസിറ്റർ ഉൽപ്പാദിപ്പിച്ചിരുന്ന കമ്പനിയും കെൽട്രോണായിരുന്നു. മാറി മാറി വന്ന ഭരണാധികാരികൾ ടി.വി.തോമസ്സിൻ്റെ കാഴ്ച്ചപ്പാട് പിന്തുടർന്നിരുന്നെങ്കിൽ കെൽട്രോണിന് കുതിച്ച് കയറ്റമുണ്ടാകുമായിരുന്നു. അത് വഴി കേരളവും ഈ രംഗത്ത് നമ്പർ വൺ ആയേനേ. ജർമ്മനിയും ജപ്പാനുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറിയതാണ് കെൽട്രോണും കൊച്ചു കേരളവുമെന്നോർക്കുമ്പോൾ ടി .വി.തോമസ്സിൻ്റെ സ്മരണയ്ക്ക് പ്രസക്തിയേറുന്നു. സാങ്കേതിക വിദ്യയും മൂലധനവും തേടി ജപ്പാൻ യാത്ര നടത്തിയപ്പോൾ അതിന്റെ പേരിൽ കേരളത്തിൽ വിവാദമുണ്ടായതോർത്തൽ ഇന്നത്തെ തലമുറ ചിരിക്കും.

കയർ തൊഴിലാളികളുടെ ജീവിതത്തിന്റെ കണ്ണുനീരും വേദനകളും അനുഭവിച്ചറിഞ്ഞ മഹാനായ തൊഴിലാളി നേതാവ്‌ തൊഴിൽ വകുപ്പ്‌ മന്ത്രിയായി പ്രവർത്തിക്കുവാൻ അവസരം കിട്ടുമ്പോൾ തീർച്ചയായും മറ്റൊന്നുമല്ലല്ലോ പ്രതീക്ഷിക്കേണ്ടത്‌. കയർ വ്യവസായ പുനരുദ്ധാരണത്തിനായി സഖാവ്‌ ആവിഷ്കരിച്ച 50 കോടി രൂപയുടെ നിക്ഷേപമുള്ള ബൃഹത്‌ പദ്ധതി ടി വി പദ്ധതി എന്ന പേരിലാണ്‌ ഇന്നും അറിയപ്പെടുന്നത്.

പോരാട്ടത്തിന്റെ വിപ്ലവനക്ഷത്രം അന്തരിച്ച കെ.ആർ ഗൗരിയമ്മയാണ് ഭാര്യ.