Tue. Apr 23rd, 2024

ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഹൈ-റിസ്‌ക് മുന്നറിപ്പ്. പലതരത്തിലുള്ള ആക്രമണ സാധ്യതകള്‍ ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ കണ്ടെത്തി എന്നാണ് സേര്‍ട്ട് പറഞ്ഞിരിക്കുന്നത്.

ഇത്തരം ഉപകരണങ്ങളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡ് റണ്‍ടൈം, ഫ്രെയിംവര്‍ക് കംപോണന്റ്, മീഡിയ ഫ്രെയിംവര്‍ക്ക്, കേണല്‍, മീഡിയാടെക്, ക്വാല്‍കം കംപോണന്റ്സ് തുടങ്ങിയ ഇടങ്ങളിലാണ് ഭേദ്യത കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും ആന്‍ഡ്രോയിഡിന്റെ ഉടമ ഗൂഗിളും ശരിവച്ചു കഴിഞ്ഞു.
ഈ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ നിലവില്‍ ആളുകള്‍ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പഴയതും പുതിയതുമായ സ്മാര്‍ട്ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്നത് മുന്നറിയിപ്പിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഈ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം അതില്‍ പരിഹരിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ബുള്ളറ്റിനില്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഫോണുകള്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. സെറ്റിങ്സില്‍ സിസ്റ്റം അപ്ഡേറ്റ് പരിശോധിച്ച് അപ്ഡേറ്റ് ഉടന്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നു.

ഇത് കൂടാതെ, ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്കും സിഇആര്‍ടി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രോം ബ്രൗസറിലെ സുരക്ഷാ പ്രശ്നം ദുരുപയോഗം ചെയ്ത് മറ്റൊരാള്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നാണ് മുന്നറിയിപ്പ്.

BEST SELLERS