Fri. Mar 29th, 2024

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലിമെൻ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11നായിരുന്നു 20 മിനുട്ട് നീണ്ട കൂടിക്കാഴ്ച. ഇതുസംബന്ധിച്ച് വൈകിട്ട് നാലിന് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തും. കൂടിക്കാഴ്ചക്ക് ശേഷം കേരള ഹൗസിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് വൈകിട്ട് നാലിന് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറി, ജോൺ ബ്രിട്ടാസ് എം പി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

കെ റെയിലിന് അന്തിമ അനുമതി നൽകുക, പദ്ധതിക്കുണ്ടായ തടസ്സങ്ങൾ മറികടക്കുക അടക്കമുള്ള ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. സിൽവർ ലൈനിന്റെ പ്രാധാന്യവും ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായി കെ റെയിൽ എം ഡി ഡൽഹിയിൽ റെയിൽവേ ബോർഡുമായി ചർച്ച നടത്തി അനുമതിക്കുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിലൂടെ തടസ്സം നീക്കാൻ സഹായിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. സിൽവർ ലൈൻ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുമെന്നും ഭാവി വികസനത്തിന് പദ്ധതി അനിവാര്യമാണെന്നുമുള്ള നിലപാട് മുഖ്യമന്ത്രി മുന്നോട്ടുവെക്കുമെന്ന് സൂചനയുണ്ടായിരുന്നു.

കെ റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ലോക്‌സഭയിൽ മറുപടി നൽകിയ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. ഡി പി ആർ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നുമാണ് മന്ത്രി അറിയിച്ചത്. കേന്ദ്രാനുമതി, റെയിൽവേ ബോർഡിന്റെ സഹായം, റെയിൽവേ മന്ത്രാലയം ഇവയിൽ ഏതെങ്കിലും കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് അനുകൂല മറുപടി ലഭിച്ചാൽ പ്രതിഷേധത്തെ അതിജീവിക്കാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

BEST SELLERS