കെടി ജലീല്‍ എംഎല്‍എ സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പി സ്കൂള്‍ അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവിന് ആനുപാതികമായി ഷോര്‍ട്ട് ലിസ്റ്റ് വിപുലീകരിക്കണം എന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന അധ്യാപകരാണ് ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്.
ഈ അപമാനം തങ്ങള്‍ സഹിക്കില്ലെന്നും ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തങ്ങള്‍ അധ്യാപക യോഗ്യതകള്‍ നേടിയവരാണ്. തലമുറകളെ മാറ്റിയെടുക്കുന്നവരാണ്. മലപ്പുറത്തിന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത് എന്നും പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.
മുഖ്യമന്ത്രിയോട് പ്രതിഷേധത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ നിങ്ങള്‍ പ്രതിഷേധിച്ചോളൂ, അത് നിങ്ങളുടെ അവകാശമാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മറ്റൊരു എംഎല്‍എയെ കണ്ടപ്പോള്‍ നിങ്ങളോട് സമരത്തിനിറങ്ങാന്‍ ആരാണ് പറഞ്ഞത് എന്ന് ചോദിച്ചുവെന്നും തങ്ങള്‍ കുറേ സമരം കണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞുവെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് മലപ്പുറത്ത് എല്‍പി സ്കൂള്‍ ടീച്ചര്‍ മുഖ്യപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണ് അധ്യാപകരുടെ ആരോപണം.ഷോര്‍ട്ട് ലിസ്റ്റ് വിപൂലീകരിക്കണമെന്ന ആവശ്യവുമായി അധ്യാപകരുടെ പ്രതിഷേധം 95-ാം ദിവസത്തിലേക്ക് കടക്കുകയാണ്. മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയിരുന്ന സമരം കഴിഞ്ഞ നാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിലാണ് നടക്കുന്നത്.
തലമുണ്ഡലം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞ് കെടി ജലീല്‍ പരിഹസിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎല്‍എയായ കെടി ജലീലിനെ പ്രതിഷേധക്കാര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിലാണ് എംഎല്‍എ അധ്യാപകരെ പരിഹസിച്ചത്.
ആദ്യത്തെ രണ്ട് ദിവസം മുട്ടിലിഴഞ്ഞായിരുന്നു പ്രതിഷേധിച്ചത്. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തി. നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ന് വനിതാ അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.