Thu. Apr 25th, 2024

ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) യുടെ ഉദ്ഘാടന ചിത്രമാകുന്നത് രഹന മറിയം നൂർ എന്ന ബംഗ്ലാദേശി ചിത്രമാണ്. അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്ത്, 2021 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ ഇന്ത്യൻ പ്രദർശനമാണ് ഉദ്ഘാടന ചടങ്ങിനുശേഷം വൈകുന്നേരം 5.30 ന് നിശാഗന്ധിയിൽ നടക്കുക.

ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ 37 കാരി രഹന മറിയം നൂറിന്റെ പോരാട്ട ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. അമ്മയായും മകളായും സഹോദരിയായും അദ്ധ്യാപികയായും പ്രയാസകരമായ ജീവിതം നയിക്കുന്ന രഹന ഒരു വൈകുന്നേരം കോളേജ് വിട്ട് വരുമ്പോൾ ഒരപ്രതീക്ഷിത സംഭവത്തിന് സാക്ഷിയാകുന്നു. കോളേജിലെ ഒരു വിദ്യാർത്ഥിയെ ഡോക്ടർമാരിൽ ഒരാൾ ലൈംഗികമായി ഉപദ്രവിച്ചത് കാണാനിടയായ രഹന അന്നുമുതൽ ആ സംഭവത്തിൽ പ്രതിഷേധിക്കുകയും വിദ്യാർത്ഥിക്കായി പോരാടുകയും ചെയ്യുന്നു. ലൈംഗികാതിക്രമം, ഇരകളെ അപമാനിക്കൽ, അധികാര ഘടനകളെ വെല്ലുവിളിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന ഏകാന്തത എന്നിവയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അസ്മേരി ഹഖ് ബധോൺ, ആഫിയ ജാഹിൻ ജയ്മ, കാസി സാമി ഹസൻ, അഫിയ തബസം ബോർണോ, യാസിർ അൽ ഹഖ്, സബേരി ആലം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയിൻ റിഗാർഡ് വിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു . ഈ വിഭാഗത്തിൽ ഇടംപിടിക്കുന്ന ആദ്യ ബംഗ്ലാദേശി ചിത്രമാണിത്. 94-ാമത് അക്കാഡമി അവാർഡിൽ (ഓസ്‌കർ) മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ബംഗ്ലാദേശ് എൻട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിൽ രഹന മറിയം നൂർ രണ്ട് അവാർഡുകൾ നേടി. സംവിധായകൻ അബ്ദുല്ല മുഹമ്മദ് സാദ് ജൂറി ഗ്രാൻഡ് പ്രൈസും നടി അസ്‌മേരി ഹഖ് ബധോൻ മികച്ച അഭിനയത്തിനുള്ള അവാർഡും കരസ്ഥമാക്കി.

BEST SELLERS