Thu. Mar 28th, 2024

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയില്‍ തുടരുകയായിരുന്നു.

25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച തങ്ങൾ, 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡൻറ് പദവിയിലെത്തിയത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു.
ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.

BEST SELLERS