Thu. Mar 28th, 2024

പാര്‍ട്ടി സംഘടനാ രംഗത്ത് യുവാക്കള്‍ക്ക് വലിയ പങ്കാളിത്തം നല്‍കി സി പി എം. കൊച്ചിയില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് ചരിത്ര തീരുമാനം. പാര്‍ട്ടിയുടെ 89 അംഗ സംസ്ഥാന സമിതിയിലേക്കും സെക്രട്ടേറിയറ്റിലേക്കും നിരവധി പുതുമുഖങ്ങളാണ് വരുന്നത്. 75 എന്ന പ്രായപരിധി കൃത്യമായി പാലിച്ച് 13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഒഴിവിലേക്കെല്ലാം കൂടുതലും പരിഗണിക്കപ്പെട്ടിരിക്കുന്നത് യുവാക്കളെയാണ്. നേരത്തെ പ്രതീക്ഷിച്ചത് പോലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സമ്മേളനം തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയാകുന്നത്. ആലപ്പുഴ സമ്മേളനത്തില്‍ ആദ്യം സെക്രട്ടറിയായ കോടിയേരി പിന്നീട് തൃശൂര്‍ സമ്മേളനത്തിലും സ്ഥാനം നിലനിര്‍ത്തുകയാണ്.

16 പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി എത്തിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. , എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ഒ ആര്‍ കേളു, പി ശശി, എം എം വര്‍ഗീസ്, കെ കെ ലതിക, എ വി റസല്‍, സി വി വര്‍ഗീസ്, വി ജോയ്, പനോളി വത്സന്‍, കെ എന്‍ ഗണേഷ്, രാജു എബ്രഹാം, കെ അനില്‍കുമാര്‍, ചിന്ത ജെറോം, ഇ എന്‍ സുരേഷ് ബാബു, കെ എസ് സലീഖ തുടങ്ങിയവരാണ് പതുമുഖങ്ങളായി സംസ്ഥാന സമിതിയില്‍ എത്തിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ ആര്‍ ബിന്ദുവിനേയും രാജ്യസഭ എം പി ജോണ്‍ ബ്രിട്ടാസിനേയും പ്രത്യേക ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

പാര്‍ട്ടിയുടെ യുവനിരയില്‍ ശ്രദ്ധേയനായ എം സ്വരാജിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാനും വി എന്‍ വാസവനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.

പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. പി കരുണാകരന്‍ വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരില്‍ ജി സുധാകരനടക്കമുള്ള ചിലരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.
89 അംഗങ്ങളാണ് സി പി എം സംസ്ഥാന സമിതിയിലുള്ളത്. എം എം മണി, പി കരുണാകരന്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണപിള്ള, കെ പി സഹദേവന്‍, എം ചന്ദ്രന്‍, സി പി നാരായണന്‍, കെ ജെ തോമസ്, കെ വി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. 20 ഓളം പേര്‍ പുതുതായി സംസ്ഥാന സമിതിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറെയും യുവാക്കളായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന സമിതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് തിരഞ്ഞെടുത്തേക്കും. സെക്രട്ടേറിയറ്റിലും പല പ്രമുഖരേയും മാറ്റിനിര്‍ത്തുമെന്നാണ് വിവരം. എം സ്വരാജ് അടക്കമുള്ള യുവാക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തുമെന്നാണ് വിവരം.

BEST SELLERS