Thu. Apr 25th, 2024

തിരഞ്ഞെടുപ്പ് നേരിടാന്‍ വര്‍ഗീയ ദ്രുവീകരണം മാത്രമാണ് ബി ജെ പിയുടെ കൈകളിലുള്ളതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിജാബ് വിഷയം സജീവമായി നിലനിര്‍ത്തുന്നത് ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രജ്യത്തിന്റെ അടിസ്ഥാന ശിലകളേയും ഭരണഘടനാ തത്വങ്ങളേയും രാജ്യ ഭരിക്കുന്ന ബി ജെ പി തകര്‍ക്കുകയാണ്. ബി ജെ പി ഉയര്‍ത്തുന്ന അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദല്‍ ഉയര്‍ത്തുന്നത് കമ്മ്യൂണിസവും കേരളവുമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ് കേരളം. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തേയും കമ്മ്യൂണിസത്തേയും വിമര്‍ശിക്കുന്നത്.
കോര്‍പറേറ്റ്, വര്‍ഗീയ കൂട്ട്‌കെട്ടാണ് രാജ്യം ഭരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ അമേരിക്കക്ക് അടിയറവ് വെച്ചു.

ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഒഴിപ്പിക്കല്‍ നടപടി നടത്തിയ ഇന്ത്യ യുക്രൈനില്‍ അത്തരം അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നില്ല. അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളേയാണ് ഒഴിപ്പിച്ച് കൊണ്ടുവന്നിരുന്നത്. ഇപ്പോള്‍ ആളുകള്‍ വരുമ്പോള്‍ മോദിക്ക് നന്ദി പറയുന്ന കാര്‍ഡുകളും ഫോട്ടോ സെക്ഷനുകളും മാത്രമാണ് നടക്കുന്നത്.
ചൈനയുടെ ശക്തിവര്‍ദ്ധിക്കുന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുവെന്ന് യെച്ചൂരി പറഞ്ഞു. ചൈനയെ വളയുക, ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കന്‍ തന്ത്രം. എങ്ങനെയാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തി നില്‍ക്കുന്നതെന്ന് നാം പരിശോധിക്കണം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ അമേരിക്ക ഈ സമീപനം സ്വീകരിക്കുന്നുണ്ട്. നാറ്റോ കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഗോര്‍ബച്ചേവിന്റെ കാലത്ത് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പൂര്‍ണമായും ലംഘിച്ചു. യുക്രൈന്‍ ഒഴികെയുള്ള മറ്റെല്ലാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്കും നാറ്റോയെ വ്യാപിപ്പിച്ചു. 175000 നാറ്റോ സൈനികരെ റഷ്യക്ക് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റനകം മിസൈല്‍ വെച്ച് അക്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ അമേരിക്ക ഈ സംവിധാനം വഴി ചെയ്തുവച്ചിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

BEST SELLERS