Thu. Apr 25th, 2024

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനെതിരായ പരാതിയില്‍ നടപടിയെടുത്ത് സര്‍വകലാശാല. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറാണ് സ്‌കൂള്‍ ഓഫ് ഡ്രാമ അദ്ധ്യാപകന്‍ ഡോ.സുനില്‍ കുമാറിനെ(46) സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്.

അധ്യാപകനെ പുറത്താക്കും വരെ പഠിപ്പ് മുടക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അധ്യാപകനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ പ്രധാന കുറ്റങ്ങളെ പരിഗണിക്കാതെയും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലുമാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് അധ്യാപകന്‍ ഡോ. എസ്. സുനില്‍ കുമാര്‍ ലൈംഗികാക്രമണം നടത്തിയത്. ആരോപണവിധേയനായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. ഇതിനായി സമൂഹ മാധ്യമങ്ങളിലും ക്യാമ്പയിന്‍ ആരംഭിച്ചു.

BEST SELLERS