സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ദീന് എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്.
തലശ്ശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിക്ക് പോലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ജനങ്ങള്‍ ഭയപ്പാടിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പോലീസില്‍ എസ് പിമാരെ നിയന്ത്രിക്കുന്നത് സി പി എം ജില്ലാ സെക്രട്ടറിമാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. ഇതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
എന്നാല്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്നത് പ്രതിപക്ഷവും ബി ജെ പിയും എസ് ഡി പി ഐയുമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു. അടുത്താകലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അക്കമിട്ട് നിരത്തിയും ഇതില്‍ ഓരോ പാര്‍ട്ടിക്കുമുള്ള പങ്കും വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷവും ബി ജെ പി, എസ് ഡി പി ഐ അടക്കമുള്ള വര്‍ഗീയ കക്ഷികളും ആയുധം താഴെവെച്ചാല്‍ കേരളത്തിലെ ക്രമസമാധാന പ്രശ്നം പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എം ബി രാജേഷ് പ്രമേയ അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പരാജിതനാണെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. പ്രതിപക്ഷമാണ് ആക്രമണം നടത്തുന്നതെന്ന മുഖ്യമന്ത്രിയപുടെ പ്രസംഗം തമാശയാണ്. തീവ്രവാദ സംഘടനകളൊള്‍ കൂടുതല്‍ തീവ്രമായി കൊലപാതകങ്ങള്‍ നടത്തുന്ന സി പി എമ്മാണ് യു ഡി എഫിനെ കുറ്റപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പാര്‍ട്ടിയുടെ അനാവശ്യ ഇടപെടല്‍ പോലീസിനെ നിഷ്ക്രിയമാക്കി. ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം.
കേരളത്തിലെ ജയിലറകള്‍ സുഖവാസ കേന്ദ്രങ്ങളാണ്. ഹരിദാസിന്റെ കൊല നടക്കുമ്പോള്‍ സി പി എമ്മും ബി ജെ പിയും കൈകോര്‍ത്തു. ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകികളെ സംരക്ഷിക്കില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് സ്വന്തം പോലീസിനോട് മുഖ്യമന്ത്രി ചോദിക്കണമെന്നും സതീശന് പറഞ്ഞു.