Fri. Mar 29th, 2024

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായി ഹരി എസ് കര്‍ത്തയെ നിയമിക്കാനുള്ള രാജ്ഭവന്റെ ശിപാര്‍ശ ശക്തമായ വിയോജിപ്പോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ സജീവ രാഷ്ട്രീയത്തിലുള്ളവരെ നിയമിക്കുന്ന പതിവില്ലെന്ന് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ രാജ്ഭവന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരി എസ്കര്‍ത്തയുടെ നിയമനം ഗവര്‍ണറുടെ താത്പര്യ പ്രകാരം മാത്രമാണെന്നും നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചു.

ആര്‍ എസ് എസ് സൈദ്ധാന്തികനായ ഹരി എസ് കര്‍ത്തയെ പ്രസ് സെക്രട്ടറിയായി രാജ്ഭവനില്‍ നിയമിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റയുടന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രസ് സെക്രട്ടറി പി ആര്‍ ഡിയില്‍ നിന്ന് മതിയെന്ന് അന്ന് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരി എസ് കര്‍ത്ത പഠന കാലത്ത് എ ബി വി പിയിലൂടെയാണ് ആര്‍ എസ് എസില്‍ എത്തിയത്. ജന്മഭൂമി പത്രത്തില്‍ ലേഖകനായിരുന്ന അദ്ദേഹം ഏഴുവര്‍ഷം ചീഫ് എഡിറ്ററുമായിരുന്നു. പി എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ബിജെപി പ്രസിഡന്റായിരിക്കെ മീഡിയാ വിഭാഗം ചുമതല വഹിച്ചു. കെ സുരേന്ദ്രന്‍ പ്രസിഡന്റായി വന്നപ്പോഴും ഏതാനും മാസം മുമ്പ് വരെ മീഡിയയുടെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു.

BEST SELLERS