Fri. Mar 29th, 2024

ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശ ക്ഷേത്രത്തില്‍ നടത്തിയ ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്.

പാപപരിഹാരത്തിനായെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. ഇതിന്റെ ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാല്‍ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

2019 മെയ്യില്‍ പാലക്കാട്, ഒറ്റപ്പാലത്തെ കൂനംതുളളി മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാല്‍കഴുകി പൂജിക്കുന്ന ചടങ്ങ് വലിയ വിവാദമായിരുന്നു. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ച് ആചാരത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.

BEST SELLERS