Fri. Mar 29th, 2024

കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും വഴിയില്‍ പിന്തുണ നല്‍കി ഒപ്പം നിന്ന രാഷ്ട്രമാണ് യു എ ഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകുമെന്ന ഉറപ്പാണ് യു എ ഇ കേരളത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ മാനവ വിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രി ഡോ: അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്‍ മനാന്‍ അല്‍ അവാറുമായും, യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിന്‍ അഹമ്മദ് അല്‍ സിയൂദിയുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷം എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ വേഗത്തിനുള്ള നാന്ദിയായി കൂടിക്കാഴ്ചകള്‍ അനുഭവപ്പെട്ടു. കേരളത്തിന്റെ വ്യാവസായിക സാമൂഹിക മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇത് കരുത്തുപകരുമെന്നും യു എ ഇയുടെ ഊഷ്മളമായ സ്വീകരണത്തിന് ഹൃദയപൂര്‍വം നന്ദി പറയുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.

സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ജോണ്‍ ബ്രിട്ടാസ് എം പി, മുഹമ്മദ് ഹനീഷ് ഐ എ എസ് എന്നിവര്‍ യു എ ഇ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

BEST SELLERS