Sat. Apr 20th, 2024

✍️ സുരേഷ്. സി ആർ

ഒരു ഇന്ത്യൻ സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയായ പ്രാദേശിക കക്ഷിനേതാവാണ് അണ്ണാദുരൈ(1909 – 1969). ഒന്റേകുലം, ഒരുവനേ തേവൻ (ഒരു ജാതി, ഒരു ദൈവം) എന്നു പഠിപ്പിച്ച അദ്ദേഹം ജാതി ചിന്തയേയും പൗരോഹിത്യത്തെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ‘അറിന്തർ അണ്ണാ (ജ്ഞാനിയായ അണ്ണൻ) എന്നാണ് പ്രസിദ്ധ എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തി അദ്ദേഹത്തിനു നൽകിയ ബിരുദം.

പട്ടുവ്യവസായത്തിനു പ്രസിദ്ധി നേടിയ കാഞ്ചീപുരത്ത് ജനിച്ചു. വളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്നം കൊണ്ട് നേതാവായി വളർന്ന ചരിത്രമാണു അണ്ണാദുരൈയുടേത്. പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും ആഭിമുഖ്യവും, ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ “ഏഴകളു’ടെ പ്രിയങ്കരനാക്കി. അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു.

കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽ‌കിയ സ്കോളർഷിപ്പിന്റെ പിൻ‌ബലത്തിൽ ‘പാച്ചിയപ്പാസ്” കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934-ൽ ‘ജസ്റ്റീസ് പാർട്ടി’ നേതാവായിരുന്ന ഇ.വി.രാമസാമി (ഇ.വി.ആർ അല്ലെങ്കിൽ പെരിയാർ)യെ കണ്ടു മുട്ടിയതോടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു.


1944-ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം “ദ്രാവിഡർ കഴകം” ആയി മാറി. എന്നാൽ പിന്നിടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു വരികയും അതിന്റെ അനന്തര ഫലമായി അണ്ണാദുരൈ പാർട്ടി വിടുകയും 1949-ൽ “ദ്രാവിഡ മുന്നേറ്റ കഴകത്തി’നു രൂപം നൽകുകയും ചെയ്തു.

പിന്നീടുള്ള ചരിത്രം ഇൻ‌ഡ്യയിലെ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ചരിത്രമാണ്. 1952-ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം കെ മൽ‌സരിച്ചില്ല.1957-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു. 1957-ൽ വിജയിച്ച അണ്ണാദുരൈ 1962-ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു. എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.

“ദ്രാവിഡ നാട്” എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിൽ ചൈനീസ് യുദ്ധത്തെ തുടർന്ന് അത്തരം വിഘടന വാദപരമായ സമീപനം അവർ ഉപേക്ഷിച്ചു.1964-ൽ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മന്ത്രിസഭ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി കൊണ്ടുള്ള ബിൽ പാർലിമെന്റിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ ‘ഹിന്ദി വിരുദ്ധ പ്രക്ഷോഭം” തമിഴകത്ത് അലയടിപ്പിച്ച് തമിഴ് ദേശീയ വികാരം ആളിക്കത്തിച്ചത് ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിച്ചു.


സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവ ജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു. അണ്ണാദുരൈ നല്ല എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം പാവങ്ങൾക്കു വേണ്ടിയുള്ളവയായിരുന്നു. സിനിമയെ ഒരു പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണ്. ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും ഇതിനായി എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഇതിലെല്ലാം ഉപരിയായി യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കി.

സിനിമയുടെ സ്വാധീനം ഏറെയുണ്ടായിരുന്ന തമിഴ്‌നാട്ടിൽ സിനിമാരംഗത്തുള്ള രണ്ട് പ്രഗല്ഭമതികൾ അണ്ണാദുരൈയുടെ വലംകൈയായും ഉണ്ടായിരുന്നു, തിരക്കഥാകൃത്ത് കരുണാനിധിയും ജനപ്രിയനടൻ എം.ജി.ആറും. സിനിമയിൽ കരുണാനിധിയുടെ തീപാറുന്ന ഡയലോഗുകളും എം.ജി.ആറിന്റെ പ്രകടനവും രാഷ്ട്രീയത്തിൽ അണ്ണാദുരൈയുടെ നേതൃപാടവവും ചേർന്നതോടെയാണ് ഡി.എം.കെ 1967-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നീണ്ടു നിന്ന അധികാര കുത്തക തകർത്ത് ഭരണത്തിൽ എത്തിയത്. കോൺഗ്രസിനു പിന്നിടൊരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല. ‘മദ്രാസ്’ സംസ്ഥാനത്തിന് തമിഴ്നാട് എന്ന പേരു നൽ‌കിയത് അണ്ണാദുരൈ മന്ത്രി സഭയാണ്.


1968-ൽ അണ്ണാദുരൈ മദ്രാസിൽ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിച്ചു. അണ്ണാദുരൈയുടെ “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാർഹമാണ്‌. “നല്ലവൻ വാഴ്ക”, “കെട്ടിയ താലി”, റംഗൂൺ രാധ, വേലൈക്കാരി, റോമാപുരി റാണികൾ, ചന്ദ്രോദയം, ചന്ദ്രമോഹനൻ എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികൾ. ഇവയിൽ പലതും ചലച്ചിത്രരൂപേണ പുനരാവിഷ്കൃതങ്ങളായിട്ടുണ്ട്. കമ്പരുടെ രാമായണത്തെ ആസ്പദമാക്കി രചിച്ച കമ്പരസം എന്ന പഠനഗ്രന്ഥമാണ് അണ്ണാദുരൈയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി.

അണ്ണാദുരൈയുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മറീനാ ബീച്ചിൽ എത്തിച്ചേർന്നതു പോലെയൊരു ജനാവലി പിന്നിടൊരു നേതാവിനും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ത്യയിൽ ഒന്നിച്ചു കൂടിയിട്ടില്ലെന്ന് ചരിത്രം പറയുന്നു. ഇന്നവിടം “അണ്ണാ സ്ക്വയർ’ എന്നറിയപ്പെടുന്നു.