Thu. Apr 25th, 2024

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. അബൂദബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബൂദബി ചേംബറിന്റെ തീരുമാനം.

അബൂദബി ചേംബര്‍ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ ഇളങ്കോവന്‍ മുഖ്യമന്ത്രിയുടെ ഒ എസ് ഡി. മിര്‍ മുഹമ്മദ് അലി എന്നിവരെ ചേംബര്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കേരളവും അബൂദബിയും തമ്മില്‍ വാണിജ്യ വ്യവസായ മേഖലകളില്‍ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ചേംബര്‍ ചെയര്‍മാന്‍ അബ്ദുല്ല അല്‍ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്‌നേഹവുമാണ് ജനങ്ങള്‍ തമ്മിലുള്ളത്. മലയാളികള്‍ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കുന്ന നിക്ഷേപ സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കുവാന്‍ അബൂദബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാറിനുള്ളത്. ഇതിനു വേണ്ട നടപടികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹെരി എന്നിവരും പങ്കെടുത്തു.

BEST SELLERS