Thu. Apr 25th, 2024

 ✍️  സുരേഷ്. സി ആർ

”മന്ദമന്ദമെന്നു താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരൻ ചോദിച്ചൂ മധുരമായ്‌:
‘ആരു നീയനുജത്തീ? നിർന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?”

ആധുനിക കവിത്രയത്തിനു ശേഷം മലയാള കവിതയ്ക്ക് പുതിയ ദിശാബോധം നൽകിയ കവിയാണ് ജി ശങ്കരക്കുറുപ്പ്‌ (‍1901 – 1978).

1965-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ച ആദ്യ വ്യക്തിയാണ്. തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ – സമാഹാരമായ ‘ഓടക്കുഴൽ’ എന്ന കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്.

ജീവിതത്തിലെ ഭൗതിക താത്പര്യങ്ങളിൽനിന്ന് ആത്മീയ ദർശനത്തിലേക്ക് ഒരു പൂജാമുറിയിലേക്കെന്നവണ്ണം പിന്മാറുന്ന കവിതയാണ് ജിയുടേത്. യോഗാത്മക അനുഭൂതികൾക്കുള്ള പ്രാധാന്യം, മരണബോധം, ആധ്യാത്മികത, ആസ്തിക്യം, മാനുഷികദർശനം, പ്രതീകാത്മകമായ കാവ്യഭാഷ തുടങ്ങിയവയാണ് അതിന്റെ സവിശേഷതകൾ.


എറണാകുളം ജില്ലയിൽ കാലടിക്കടുത്ത്‌ നായത്തോട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ഒരു വർഷം പ്രൊഡ്യൂസർ ആയും പിന്നീട്‌ ഉപദേഷ്‌ടാവായും ജോലി ചെയ്‌തിട്ടുണ്ട്. 1945 മുതൽ 1957 വരെ സാഹിത്യപരിഷത്ത്‌ മാസികയുടെ പത്രാധിപർ ആയിരുന്നു. കേരളസാഹിത്യ അക്കാദമിയുടെയും സാഹിത്യ പരിഷത്തിന്റേയും അധ്യക്ഷൻ ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ, സോവിയറ്റ്‌ലാന്റ് നെഹ്രു അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്‌, റഷ്യൻ, ഇറ്റാലിയൻ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും, മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം – വൈവിദ്ധ്യപൂർണ്ണമാണ്‌ ജി.യുടെ സാഹിത്യസേവന മണ്‌ഡലം. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകൾ, ഇതളുകൾ, ചെങ്കതിരുകൾ, നവാതിഥി, പഥികന്റെ പാട്ട്‌, അന്തർദ്ദാഹം, വെള്ളിൽ പറവകൾ, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്‌തം, ജിയുടെ തിരഞ്ഞെടുത്ത കവിതകൾ, പാഥേയം ഇവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങൾ.


ഇളംചുണ്ടുകൾ, ഓലപ്പീപ്പി എന്നിവ കുട്ടികൾക്കു വേണ്ടി എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌, ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങൾ, ടാഗോറിന്റെ ഏതാനും കവിതകൾ നൂറ്റൊന്നു കിരണങ്ങൾ എന്ന പേരിൽ പരിഭാഷപ്പെടുത്തിയ ജി. ഗീതാഞ്‌ജലിയും വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഒമർഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകൾ, ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങൾ, ജി. യുടെ ഗദ്യലേഖനങ്ങൾ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.

ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും ചേർന്ന കൃതിയാണ്‌ ജി. യുടെ ‘നോട്ടുബുക്ക്‌’.