Sun. Feb 25th, 2024

 ✍️  സുരേഷ്. സി ആർ

ചിന്തകൻ, സ്വാതന്ത്ര്യ സമര പോരാളി, ട്രേഡ് യൂണിയൻ നേതാവ്, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, റാഡിക്കൽ ഹ്യൂമനിസത്തിന്റെ ആവിഷ്കർത്താവ് എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവകാരിയാണ് എം.എൻ.റോയ് എന്ന മാനവേന്ദ്രനാഥ് റോയി (1887 – 1954). യഥാർത്ഥ പേര് നരേന്ദ്രനാഥ് ഭട്ടാചാര്യ.

1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ താഷ്കന്റിൽവച്ച് എം.എൻ.റോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകൃതമായത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവു മായി ബന്ധപ്പെട്ട ബംഗാളിലെ ചിൻഗ്രിപോട്ട റെയിൽവേ സ്റ്റേഷൻ (1907), നേത്ര (1910) കലാപങ്ങളിൽ പങ്കെടുത്തു. 1910ൽ ഹൌറ ഗൂഢാലോചനാ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1911 മുതൽ 1913 വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിപ്ലവപ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാനായ് യാത്ര ചെയ്തു.

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം 1915ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്ക് പുറത്ത് നിന്ന് സഹായിക്കാനായി ബാറ്റ്വിയയിലേക്ക് യാത്ര പുറപ്പെട്ടു. 1916ൽ യു.എസ്.എ. യിൽ എത്തിപ്പെടുകയും മാനവേന്ദ്രനാഥ റോയ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു.1917ൽ മെക്സിക്കോയിൽ എത്തി.1917 ഡിസംബറിൽ നടന്ന മെക്സിക്കൻ ലേബർ പാർട്ടി കോൺഫറൻസ് എം.എൻ. റോയിയെ അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായ് തെരഞ്ഞെടുത്തു. 1917ലെ റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918ൽ ലേബർ പാർട്ടി മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടപ്പോൾ എം.എൻ. റോയ് സെക്രട്ടറിയായി. ഇതോടെ, റഷ്യക്ക് പുറത്തെ ലോകത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിമാറി.

ന്യൂയോർക്കിൽ വെച്ച് പരിചയപ്പെട്ട ലാലാലജ്പത് റായിയുടെ സഹായത്തോടെ കാറൽ മാർക്സിന്റെയും മറ്റു സോഷ്യലിസ്റ്റ് ചിന്തകരുടെയും ഗ്രന്ഥങ്ങൾ പഠിച്ചതോടെയാണ് റോയി കമ്യൂണിസത്തിൽ ആകൃഷ്ടനായത്. 1919 കളുടെ അവസാനം കമ്മ്യൂണിസ്റ്റ് നേതാവായ മൈക്കിൾ ബോറോദിനുമായി പരിചയത്തിലായി. ഇതിലൂടെ 1920ൽ റഷ്യയിൽവെച്ച് ലെനിനുമായി കണ്ടുമുട്ടുകയും ആ ബന്ധം പിന്നീട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്ന തലത്തിലേക്ക് എത്തിക്കുകയും ചെയ്തു.

1926 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഗോള കോൺഗ്രസ്സിന്റെ സെക്രട്ടറിയേറ്റ് ആയ കോമിന്റേൺ എന്ന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1929 ൽ വിവിധകാരണങ്ങൾകൊണ്ട് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ നിന്നും പുറത്താക്കപ്പെട്ടു.1930 ൽ ഇന്ത്യയിലേക്ക് തിരികെവന്നുവെങ്കിലും, കാൺപൂർ ഗൂഢാലോചനാ കേസിൽ പോലീസിന്റെ പിടിയിലാകുകുയും, നീണ്ട ആറുവർഷക്കാലത്തെ ജയിൽശിക്ഷക്കു വിധേയനാവേണ്ടിയും വന്നു. ജയിലിൽ നിന്നും പുറത്തു വന്ന ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുക്കുകയും ജീവിതാന്ത്യത്തിൽ റാഡിക്കൽ ഹ്യൂമനിസത്തിലേക്കും റോയ് നീങ്ങി.

മോസ്കോ സർവകലാശാലയിൽ ഇന്ത്യൻ പഠനവിഭാഗത്തിന്റെ തലവനായി ജോലിയെടുത്തിട്ടുണ്ട്. യുക്തിയും റൊമാന്റിസവും വിപ്ലവവും, ചൈനയിലെ വിപ്ലവവും പ്രതിവിപ്ലവവും, റഷ്യൻ വിപ്ലവം, സ്മരണകൾ, ഫാസിസം, ഭൗതികവാദം, ഇന്ത്യൻ സ്ത്രീത്വത്തിന്റെ മാതൃക തുടങ്ങി മുപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. വാൻഗാർഡ്, മാസ്സസ് എന്നിവ വിദേശത്തു നിന്നും ഇൻഡി പെൻഡന്റ് ഇന്ത്യ, റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്നിവ ഇന്ത്യയിൽ നിന്നും റോയി പസിദ്ധപ്പെടുത്തിയ പത്രങ്ങളാണ്.

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ച് പരിചയത്തിലായ പിന്നീട് രാഷ്ട്രീയ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമായ എവ്ലിൻ ട്രെന്റ് ആയിരുന്നു ഭാര്യ. ‘ശാന്തി ദേവി എന്ന പേരിൽ അവർ നിരവധി ലേഖനങ്ങൾ റോയിയുമായി രചിച്ചിട്ടുണ്ട്.