Tue. Apr 23rd, 2024

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം എം വര്‍ഗീസ് ജില്ലാ സെക്രട്ടറിയായി തുടരും. നേരത്തെ തരംതാഴ്ത്തിയ മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയുടെ പേരില്‍ നടപടി നേരിട്ടയാളാണ് ടി ശശിധരന്‍.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുന്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മടങ്ങിവരവ്. അതേസമയം, മുന്‍ എം എല്‍ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കുകയും ആര്‍എസ് എസ് പ്രവര്ത്തകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

44 അംഗ ജില്ലാ കമ്മിറ്റിയില്‍ നാല് വനിതകളാണുള്ളത്?. 12 പേര്‍ പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി. ശരത് പ്രസാദ്, മഹിളാ അസോസിയേഷന്‍ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാര്‍, എം.കെ. പ്രഭാകരന്‍, ഏരിയ സെക്രട്ടറിമാരായ എ.എസ്. ദിനകരന്‍, എം.എ. ഹാരിസ് ബാബു, കെ.എസ്. അശോകന്‍, സി.കെ. വിജയന്‍, കെ. രവീന്ദ്രന്‍, എം.എന്‍. സത്യന്‍, കെ.കെ. മുരളീധരന്‍ എന്നിവര്‍ പുതിയ കമ്മിറ്റിയിലുണ്ട്.

എം.എം വര്‍ഗീസ്, യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രന്‍, കെ.വി. അബ്ദുള്‍ ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി.കെ. ഡേവീസ്, പി.കെ. ഷാജന്‍, കെ.വി. നഫീസ, ടി.കെ. വാസു, പി.കെ. ചന്ദ്രശേഖരന്‍ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റില്‍ വനിത പ്രാതിനിധ്യം ഇതാദ്യമാണ്?.

രണ്ട് നാള്‍ നീണ്ട സിപിഎം തൃശൂര്‍ ജില്ല സമ്മേളനം സമാപിച്ചു. രാവിലെ നടന്ന ചര്‍ച്ചയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനെതിെരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചെയര്‍മാന്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചാവക്കാട് ഏരിയ കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറി മറുപടി നല്‍കി.