Tuesday, May 24, 2022

Latest Posts

സംസ്ഥാനത്ത് 45,136 കോവിഡ് രോഗികള്‍, 70 മരണം; സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡിന് മാറ്റി വയ്ക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയടക്കം ആശുപത്രിയില്‍ കോവിഡ്, ഇതര രോഗികളുടെ ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം.

വിവരങ്ങള്‍ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. ഈ സമയത്തും മന്ത്രി പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രതിദിന അവലോകന യോഗത്തിലാണ് തീരുമാനം.

അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ ആരും കാലതാമസം വരുത്തരുതെന്ന് ആര്‍ആര്‍ടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 9 മാസത്തിനുശേഷം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ മൂന്നാമത്തെ വാക്‌സിനും സ്വീകരിക്കേണ്ടതാണ്.

ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂര്‍ണ വാക്‌സിനേഷനായി കണക്കാക്കില്ല.

വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കൊവിഷീല്‍ഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്‌സിനും. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് മരണസംഖ്യ 70 ആയി കൂടിയതും, ഇന്നും റെക്കോഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതും ആശങ്കയാവുകയാണ്. ഇന്ന് 44.8% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂര്‍ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂര്‍ 1003, കാസര്‍ഗോഡ് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.