Fri. Mar 29th, 2024

സി പി എമ്മിന്റെ തിരുവനന്തപുരം സമ്മേളനത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ച നടപടിയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ മെഗാതിരുവാതിര നടത്തിയത് തെറ്റ് തന്നെയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാര്‍ട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ ഏത് പരിപാടിയും നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സിപിഎം സമ്മേളനത്തില്‍ പരിപാടികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കും. ഒമിക്രോണിന്റെ അതിതീവ്രവ്യാപനശേഷി തന്നെയാണ് കാരണമെന്നും ആരോഗ്യമന്ത്രി പറയുന്നു.

ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമെതിരെ തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹമെന്നും വീണാ ജോര്‍ജ് പറയുന്നു. അത്തരം വിമര്‍ശനമുണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ പക്ഷം.

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ ചിലര്‍ക്ക് ചില അജണ്ടകള്‍ ഉണ്ടാകും. അങ്ങനെ സ്ഥാപിക്കാന്‍ ശ്രമങ്ങളും ഉണ്ടായേക്കാം. ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി എന്നത് വെറും പ്രചരണം മാത്രം. അജണ്ടകള്‍ നിശ്ചയിച്ച് ചിലര്‍ വാര്‍ത്തകള്‍ പ്രതിഷ്ഠിക്കുന്നുവെന്നും ആരോഗ്യമന്ത്രി ആരോപിക്കുന്നു.