Tue. Apr 16th, 2024

കെ റെയില്‍ പദ്ധതിയെ എതിര്‍ത്ത് ഹരജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ ഹൈക്കോടതി തടഞ്ഞു. അടുത്ത സിറ്റിങ് വരെയാണ് സര്‍വേ തടഞ്ഞത്. ഡി.പി.ആര്‍ വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റിവെച്ചു. ഇതുവരെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കും.

ഏകദേശം 10 ഓളം ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണയിലുള്ളത്. പ്രാഥമിക സര്‍വേ നടത്തും മുമ്പേ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍.തയാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചത്. ഡി.പി.ആര്‍ തയാറാക്കും മുമ്പ് എന്തൊക്കെ നടപടികള്‍ എടുത്തെന്ന് സര്‍ക്കാര്‍ അറിയിക്കണം.

ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡി.പി.ആര്‍ തയാറാക്കിയതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇപ്പോഴും സര്‍വേ നടക്കുകയാണ്.റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് സര്‍വേ നടത്തുന്നത്. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുന്‍പ് സര്‍വേ തീര്‍ക്കണമായിരുന്നു എന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു .

സംസ്ഥാനം സമര്‍പ്പിച്ച ഡി.പി.ആര്‍ പരിശോധിക്കുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതേ സമയം ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ മറയാക്കി ജനങ്ങള്‍ അടയാള കല്ലുകള്‍ പിഴുതിടുകയാണെന്ന് കെ റെയില്‍ കോടതിയെ അറിയിച്ചു. അടയാളക്കല്ലുകളില്‍ ആളുകള്‍ റീത്ത് വെക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.