Fri. Apr 26th, 2024

കൊല്ലം മണ്‍റോ തുരുത്തില്‍ വീടിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചനിലയില്‍. മണ്‍റോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം.

പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.

സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് നിഗമനം. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.