Thu. Apr 18th, 2024

ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഡിജിപി അനില്‍ കാന്ത് മകളോട് മാപ്പ് ചോദിച്ചതായി കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍. ഇത് വരെയുള്ള പോലീസ് നടപടികളില്‍ തൃപ്തനല്ലാത്ത കാരണമാണ് ഹൈകോടതി ഉത്തരവ് നേരിട്ട് കൈമാറാന്‍ എത്തിയത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ് ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായും ജയചന്ദ്രന്‍ പറഞ്ഞു.

ആറ്റിങ്ങളിലെ പിങ്ക് പോലീസ് പരസ്യ വിചാരണ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. സംഭവത്തില്‍ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുവാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് കൈമാറാന്‍ ജയചന്ദ്രന്‍ മകളോടൊപ്പം എത്തിയപ്പോഴായിരുന്നു ഡിജിപിയുടെ ഖേദപ്രകടനം.

തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത ജയചന്ദ്രനെയും മകളായ എട്ട് വയസുകാരിയെയും പൊതു മധ്യത്തില്‍ അപമാനിച്ചത്. പിന്നീട് ഫോണ്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും ക്ഷമ ചോദിക്കാന്‍ രജിത തയ്യാറായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.